ഐപിഎല്‍ 2025 ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. നായകന്‍ ശ്രേയസ് അയ്യരുടെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സായിരുന്നു ശ്രേയസ് അയ്യര്‍ നേടിയത്. ശ്രേയസിന് പുറമെ മൂന്നാമനായി ഇറങ്ങിയ ജോഷ് ഇംഗ്ലിസും പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചു.
21 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് ഇംഗ്ലിസ് നേടിയത്. ഇതില്‍ ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ 20 റണ്‍സാണ് പഞ്ചാബ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് ബുംറയുടെ പവര്‍പ്ലേയിലെ ഓവറില്‍ ജോഷ് ഇംഗ്ലിസ് നേടിയത്. ബുംറയുടെ ബോളിങ്ങിനെ തീരെ ഭയക്കാതെയായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ പ്രകടനം. ഇംഗ്ലിസിന്റെ ബാറ്റിങ് മികവില്‍ അഞ്ച് ഓവറുകള്‍ തികഞ്ഞപ്പോള്‍ പഞ്ചാബ് സ്‌കോര്‍ 50 റണ്‍സ് കടന്നിരുന്നു.
പിന്നീട് താരം പുറത്തായതോടെ ശ്രേയസും നേഹാല്‍ വധേരയും പഞ്ചാബിന്റെ ചേസിങ് ചുമതല ഏറ്റെടുക്കുകയായിരുന്നു. നേഹാല്‍ വധേര 29 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത് ശ്രേയസിന് മികച്ച പിന്തുണ നല്‍കി. അവസാനം ശ്രേയസ് തന്നെയാണ് ടീമിനായി ഫിനിഷിങ് നടത്തിയത്. ജൂണ്‍ 3നാണ് ആര്‍സിബി-പഞ്ചാബ് കിങ്‌സ് ഐപിഎല്‍ ഫൈനല്‍ നടക്കുക.