ഐപിഎലിൽ ഒപ്പം ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന താരത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. രാജസ്ഥാൻ റോയൽസിൽ നിന്നും ബട്ലർ ഗുജറാത്തിൽ എത്തിയത് കഴിഞ്ഞ സീസൺ മുതലാണ്. ഈ വർഷവും സ്വന്തം ടീമിനായി ശ്രദ്ധേയ പ്രകടനമാണ് ബട്ലർ കാഴ്ചവച്ചത്. 14 കളികളിൽ നിന്നും 538 റൺസാണ് ഈ സീസണിൽ ബട്ലർ ഗുജറാത്തിനായി നേടിയത്. സഹതാരം സായി സുദർശനെ കുറിച്ചായിരുന്നു ഒരു പോഡ്കാസ്റ്റിൽ ജോസ് ബട്ലർ മനസുതുറന്നത്.
സായിക്കൊപ്പം ബാറ്റ് ചെയ്യുന്നത് താൻ ഏറെ ആസ്വദിക്കാറുണ്ടെന്ന് ബട്ലർ പറയുന്നു, ടോപ് ഓർഡർ ബാറ്റർമാരായ സായിയും ബട്ലറും ചേർന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ ഗുജറാത്തിന് ഈ വർഷം നിർണായകമായിരുന്നു. ഈ സീസണിൽ ഗുജറാത്ത് ടീം വലിയ രീതിയിൽ ആശ്രയിച്ചത് സായിയും ഗില്ലും ബട്ലറും ഉൾപ്പെട്ട ടോപ് ഓർഡറിനെ തന്നെയായിരുന്നു.
“താൻ ഒപ്പം ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഐപിഎല്ലിൽ സായ് സുദർശനൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. വളരെ പോസിറ്റീവും, വളരെ നല്ല പെരുമാറ്റവുമാണ് അവന്. ഞങ്ങൾ അധികം സംസാരിക്കാറില്ല. പക്ഷേ ടീമിനായുളള ഉത്തരാവാദിത്തം അവൻ ഭംഗിയായി നിറവേറ്റാറുണ്ട്, അവനിൽ എനിക്ക് എപ്പോഴും വിശ്വാസമാണ്. ഒരറ്റത്ത് ഞാൻ ബുദ്ധിമുട്ടുമ്പോഴും അവൻ കുഴപ്പത്തിലാകാറില്ല”, ബട്ലർ പറഞ്ഞു.