ബാറ്റിംഗ് ഓർഡറിൽ നിരന്തരം പരീക്ഷണം നേരിടുന്ന സഞ്ജു സാംസണിന്റെ കാര്യത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ താരം ഇർഫാൻ പത്താൻ. മെൽബണിൽ നടന്ന രണ്ടാം ടി20യിൽ ശുഭ്മാൻ ഗിൽ നേരത്തെ പുറത്തായതിനുശേഷം, സഞ്ജുവിന് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പക്ഷേ നഥാൻ എല്ലിസിന് മുന്നിൽ വീണ താരം ഒരു പ്രധാന അവസരം പാഴാക്കി. ഈ തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി കൊണ്ടിരുന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ അധികനാള്‍ തുടരില്ലെന്ന് പത്താൻ മുന്നറിയിപ്പ് നൽകി.
സഞ്ജു സാംസണിന്റെ കാര്യം വരുമ്പോൾ, ബാറ്റിംഗ് ഓർഡറിൽ മുകളിലേക്കും താഴേക്കും മാറ്റം വരുത്തുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന് എനിക്കറിയില്ല. ടി20യില്‍ ഓപ്പണര്‍മാര്‍ക്കൊഴികെ ബാറ്റിംഗില്‍ മറ്റാര്‍ക്കും സ്ഥിരമായ ഒരു പൊസിഷനില്ലെന്നു എനിക്കറിയാം. ഏതു റോളിലും കളിക്കാനുളള കഴിവും പ്രധാനമാണ്. പക്ഷെ ഇതിന്റെ പേരില്‍ നിര്‍വചിക്കപ്പെട്ട റോളുകളുള്ളപ്പോള്‍ ലഭിക്കുന്ന സ്ഥിരത നഷ്ടപ്പെടുത്താന്‍ പാടില്ല.
സഞ്ജു സാംസണിനു ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മൂന്നോ, നാലോ കളിയില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണെങ്കില്‍ ആ പിന്തുണ അപ്രത്യക്ഷമാവുകയും ചെയ്യും. സഞ്ജു സാംസണിന്റെ കാര്യത്തില്‍ അതു സംഭവിക്കാതിരിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു- ഇര്‍ഫാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ മധ്യ ഓവറുകളില്‍ പഴയ ബോളുകള്‍ക്കെതിരേയാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തത്. അത്തരമൊരു സാഹചര്യത്തില്‍ കളിക്കുന്നതും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നതും വ്യത്യസ്തമാണ്. ഓപ്പണറായപ്പോള്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം നേടിയിരുന്നു. അതിനു തീര്‍ത്തും വ്യത്യസ്തമായ മാനസികാവസ്ഥയും മാനസികമായ കരുത്തും കൂടിയേ തീരൂ. അതോടൊപ്പം ടീമിന്റെ ഭാഗത്തു നിന്നും ശക്തമായ പിന്തുണയും ആവശ്യമാണെന്നു ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.