2025 ഐപിഎൽ ചാമ്പ്യന്മാരായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിരാട് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ വിജയത്തിന് ശേഷം ബംഗളുരുവിൽ ആർസിബി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി
കൂടാതെ സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുവച്ചാണ് ദുരന്തമുണ്ടായത്. നിലവില്‍ പരിക്കേറ്റവരെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരം പരിപാടികൾക്ക് താൻ എതിരാണെന്നും മനുഷ്യ ജീവന് വിലയുണ്ടെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” അപകടത്തിന്റെ ഉത്തരവാദി ആരാണെന്ന് പറയാൻ എനിക്ക് കഴിയില്ല. ഞാൻ ഒരിക്കലും റോഡ്ഷോകളെ പിന്തുണക്കുന്നില്ല. വിജയവും ആഘോഷവും നല്ലതാണ്. പക്ഷേ അതിനേക്കാൾ വലുതാണ് മനുഷ്യജീവൻ”
ഗൗതം ഗംഭീർ തുടർന്നു:
” 2007 ട്വന്റി 20 ലോകകപ്പ് വിജയിച്ചപ്പോഴും റോഡ്ഷോകൾ വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഭാവിയിൽ ഇത്തരം വിജയാഘോഷങ്ങൾ സ്റ്റേഡിയങ്ങളിൽ സംഘടിപ്പിക്കണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരം റോഡ്ഷോകൾ നടത്തരുത്. ഈ രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്തം നമുക്കാണ്. അത് പ്രവർത്തിയിലൂടെ തെളിയിക്കാൻ നാം തയ്യാറാകണം” ഗൗതം ഗംഭീർ പറഞ്ഞു.