IPL 2024: സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും എന്ന് പറഞ്ഞാലും വിശ്വസിക്കാം, പക്ഷേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല എന്ന് വിധിക്കരുത്, അത് വിശ്വസിക്കില്ല!

രാജസ്ഥാന്‍ നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച സമയത്ത് മാളത്തില്‍ ഒളിച്ചിരുന്ന പലരും ഇനി പുറത്തിറങ്ങും. സഞ്ജു സാംസനെ ജീവനോടെ കൊത്തിപ്പറിക്കാന്‍ ചില സോഷ്യല്‍ മീഡിയ കഴുകന്‍മാര്‍ എത്തിയേക്കും.

സഞ്ജു ഒട്ടും നിരാശപ്പെടേണ്ട കാര്യമില്ല. ബാറ്റര്‍, ക്യാപ്റ്റന്‍,വിക്കറ്റ് കീപ്പര്‍ എന്നീ നിലകളിലെല്ലാം അയാള്‍ ടോപ് ക്ലാസ് ആയിരുന്നു. അവസാന പന്ത് വരെ പൊരുതിയിട്ടാണ് രാജസ്ഥാന്‍ പരാജയം സമ്മതിച്ചത്. 197 എന്ന വിജയലക്ഷ്യം പ്രതിരോധിക്കുന്ന സമയത്ത് സഞ്ജു പുറത്തെടുത്ത ചില മാസ്റ്റര്‍ സ്‌ട്രോക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

പതിനാലാമത്തെ ഓവര്‍ യജുവേന്ദ്ര ചാഹലിന് നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ ഹര്‍ഷ ഭോഗ്ലെ വിശേഷിപ്പിച്ചത് ‘ചൂതാട്ടം’ എന്നാണ്. പക്ഷേ ചാഹല്‍ വിജയ് ശങ്കറിന്റെ വിക്കറ്റ് പിഴുതു. ശുഭ്മാന്‍ ഗില്‍ രാജസ്ഥാന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു. ഒരു ക്ലാസിക് വൈഡ് ബോള്‍-സ്റ്റംമ്പിങ്ങ് തന്ത്രത്തിലൂടെ സഞ്ജു-ചാഹല്‍ സഖ്യം ആ ഭീഷണി അവസാനിപ്പിച്ചു.

നാന്ദ്രേ ബര്‍ഗറുടെ അഭാവം രാജസ്ഥാന്‍ ബോളിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പക്ഷേ സഞ്ജു കുല്‍ദീപ് സെന്നിനെ ഉപയോഗിച്ച് വിക്കറ്റുകള്‍ നേടി. പക്ഷേ അവസാന ഓവറുകളില്‍ രാജസ്ഥാനെ ഭാഗ്യം തുണച്ചില്ല. നോബോള്‍,സ്ലോ ഓവര്‍ റേറ്റിന്റെ പേരിലുള്ള ശിക്ഷ,എഡ്ജിലൂടെയുള്ള ബൗണ്ടറി തുടങ്ങിയ നിരവധി ഘടകങ്ങള്‍ രാജസ്ഥാന് എതിരായി വന്നു. യോര്‍ക്കറുകള്‍ എറിയാതിരുന്ന ഡെത്ത് ബോളര്‍മാരും സഞ്ജുവിനെ കൈവിട്ടു. റഷീദ് ഖാന്‍ എന്ന ചാമ്പ്യന്റെ ബ്രില്യന്‍സ് കൂടി ചേര്‍ന്നപ്പോള്‍ റോയല്‍സ് പരാജയപ്പെട്ടു. അതില്‍ അപമാനത്തിന് വകയില്ല.

മഴകാരണം 45 മിനിറ്റ് വൈകിയിട്ടാണ് മത്സരം ആരംഭിച്ചത്. കവറിന്റെ അടിയില്‍ ആയിരുന്ന പിച്ച് പേസര്‍മാരെ കൂടുതല്‍ സഹായിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ബാറ്റര്‍മാര്‍ക്ക് തലവേദനയായി ലോ ബൗണ്‍സും ഉണ്ടായിരുന്നു. അതിനാല്‍ ഗില്‍ വിജയിച്ച ടോസ് നിര്‍ണ്ണായകമായിരുന്നു. ആ വെല്ലുവിളിയെ സഞ്ജു അതിജീവിച്ച രീതി യുവ ബാറ്റര്‍മാര്‍ക്ക് ഒരു പാഠപുസ്തകമാണ്.

തുടക്കത്തില്‍ സഞ്ജു കരുതലോടെയാണ് ബാറ്റ് വീശിയത്. റിയാന്‍ പരാഗ് കത്തിക്കയറുമ്പോള്‍ സഞ്ജു ഒരറ്റത്ത് നങ്കൂരമിട്ട് നിന്നു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോര്‍ ഉയര്‍ത്തി. സെറ്റ് ആയ ഒരു ബാറ്ററുടെ സാന്നിദ്ധ്യം ആ പിച്ചില്‍ അത്യാവശ്യമാണെന്ന് സഞ്ജു തിരിച്ചറിഞ്ഞിരുന്നു. രാജസ്ഥാന്‍ സുരക്ഷിതമായ നിലയില്‍ എത്തിയതോടെ സഞ്ജു ആക്രമണം തുടങ്ങി. ജീവിതത്തിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന പരാഗിനേക്കാള്‍ വലിയ സട്രൈക്ക് റേറ്റോടെ സഞ്ജു ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയും ചെയ്തു! ഒരു അതുല്യ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന കാര്യം!

ലെഫ്റ്റ് ആം പേസറായ സ്‌പെന്‍സര്‍ ജോണ്‍സനെതിരെ സഞ്ജു ഒരു ബാക്ക്ഫൂട്ട് കവര്‍ഡ്രൈവ് കളിച്ചിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അതിനെ വിശേഷിപ്പിച്ചത് ”shot of the day” എന്നാണ്! ഒരുപാട് സിക്‌സറുകള്‍ പിറന്ന മത്സരത്തില്‍ ഫിഞ്ചിനെ ആകര്‍ഷിച്ചത് സഞ്ജുവിന്റെ ഒരു ബൗണ്ടറിയാണ്! എന്താവും അതിന്റെ കാരണം?

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ ക്ലോക് ചെയ്യാന്‍ സാധിക്കുന്ന എക്‌സ്പ്രസ് പേസറാണ് സ്‌പെന്‍സര്‍. അയാള്‍ക്കെതിരെ ബാക്ക്ഫൂട്ട് കവര്‍ഡ്രൈവ് കളിക്കാന്‍ സാധിക്കുന്ന ബാറ്ററുടെ സാങ്കേതിക മികവ് അപാരമായിരിക്കും. അത്തരക്കാര്‍ വിദേശത്തുള്ള പേസി പിച്ചുകളിലും വെന്നിക്കൊടി പാറിക്കും. അതുകൊണ്ടാണ് ഓസ്‌ട്രേലിയക്കാരനായ ഫിഞ്ചിനെ ആ ഷോട്ട് പ്രീതിപ്പെടുത്തിയത്.

അടുത്ത ടി-20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാന്‍ പോവുകയാണ്. ആ ടൂര്‍ണ്ണമെന്റില്‍ സഞ്ജു കളിക്കണം. ഈ മത്സരം കണ്ടിട്ടും സെലക്ടര്‍മാര്‍ക്ക് അക്കാര്യം ബോദ്ധ്യമായില്ലെങ്കില്‍ അവരോട് സഹതാപം മാത്രം. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും എന്ന് പറയൂ. വേണമെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കാം. പക്ഷേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല എന്ന് വിധിക്കരുത്. അത് ഞങ്ങള്‍ വിശ്വസിക്കില്ല!

Latest Stories

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി