ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ജൂണ്‍ 20നാണ് തുടക്കമാവുക. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് ഇത്തവണ ഇംഗ്ലണ്ടാണ് ആതിഥേയത്വം വഹിക്കുന്നത്. ഒടുവില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയായിരുന്നു സീരീസ് നേടിയത്. ഇന്ത്യയും ഇംഗ്ലണ്ടും ടീമുകളെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിന്റെയും ക്യാപ്റ്റനായി എത്തും. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് പുതിയ പേര് നല്‍കാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണിന്റെയും പേരിലാണ് പരമ്പരയുടെ പേര് പുനര്‍നാമകരണം ചെയ്യുന്നത്. ഇന്ത്യ ഇംഗ്ലണ്ട് സീരീസ് ആരംഭിക്കുന്ന സമയത്ത് ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി എന്ന പുതിയ പേര് പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 14 ടെസ്റ്റുകളിലാണ് സച്ചിനും ആന്‍ഡേഴ്‌സണും ഏറ്റുമുട്ടിയത്. 2006-2012 കാലത്തായിരുന്നു ഇത്.
ഇക്കാലയളവില്‍ 208 റണ്‍സാണ് സച്ചിന്‍ ആന്‍ഡേഴ്‌സണെതിരെ നേടിയത്. ഒമ്പത് തവണ സച്ചിനെ ഈ സമയം ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. 2007മുതല്‍ പട്ടൗഡി ട്രോഫി എന്ന പേരിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടന്നിട്ടുളളത്. ഇന്ത്യയ്ക്കായിരുന്നു ആ വര്‍ഷം സീരീസ്. എന്നാല്‍ 2011, 2014, 2018 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടി. 2022ലാണ് ഇംഗ്ലണ്ടില്‍ ഒടുവില്‍ ടെസ്റ്റ് സീരീസ് നടന്നത്. എന്നാല്‍ പരമ്പര 2-2 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.