ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമാണ് മുഹമ്മദ് ഷമി. ഫെബ്രുവരിയിൽ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താരം ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ല. ടെസ്റ്റ്, ടി-20, ഏകദിന മത്സരങ്ങളിൽ നിന്ന് സിലക്ടർമാർ അദ്ദേഹത്തെ തഴയുകയാണ്. ഇപ്പോഴിതാ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാത്തതിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രംഗത്ത് എത്തിയിരിക്കുകയാണ്.
‘ഷമി മികച്ച നിലവാരമുള്ള ബൗളറാണ്. ഷമിയെപ്പോലെ ബൗളിങ് മികവുള്ളവർ അധികം പേരില്ല. എന്നാൽ ഇപ്പോൾ കളിക്കുന്ന ബൗളർമാരെയും നാം കണക്കിലെടുക്കണം. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഇവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചിലപ്പോൾ ഷമി ഭായിയെപ്പോലുള്ള കളിക്കാർക്ക് പുറത്തിരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്’
‘എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് ഭാവി മുന്നിൽകണ്ട് പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. സെലക്ടർമാർക്കായിരിക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കഴിയുക.’ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ഗിൽ പറഞ്ഞു.