അമ്പേ തകരുന്ന ടീമിന്റെ തുടര്‍ച്ചയായ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അതു തന്നെയാണ് ഈ ടീമിന്റെ മുഖമുദ്ര

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിവര്‍ത്തനത്തിന്റെ അങ്ങേത്തലയ്ക്കലാണെന്ന് പറയേണ്ടി വരും. പലപ്പോഴും ടീം സെലക്ഷനിലെ പാളിച്ച കൊണ്ടും ബാറ്റിങ്ങ് നിര കളി മറന്നിട്ടും അത്ഭുത വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വപ്നങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ബാറ്റിങ് നിര ഭൂരിഭാഗവും പരാജയപ്പെടുന്നു. ടെസ്റ്റിന്റെ ഭാഗധേയം പൂര്‍ണമായും നിര്‍ണ്ണയിക്കേണ്ട ലോകോത്തര സ്പിന്നര്‍ അശ്വിന്‍ പുറത്തിരിക്കുന്നു. അനുഭവസമ്പന്നരായ ഇഷാന്തും ഷമിയും ടീമിലില്ല .ഒന്നാമിന്നിങ്ങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായി വലിയ ലീഡ് വഴങ്ങുന്നു. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സുരക്ഷിത പിച്ചില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 77 ലെത്തി നില്‍ക്കുന്ന എതിര്‍ ടീം. സര്‍വോപരി സ്വന്തം മണ്ണില്‍ ഒരിക്കലും പുറത്താകില്ലെന്ന് തോന്നുന്ന തരത്തില്‍ ബാറ്റ് ചെയ്യുന്ന വേരുറപ്പിച്ച ഇംഗ്‌ളിഷ് നായകന്‍ ജോ റൂട്ടും.

വിദേശ മണ്ണില്‍ തലേ ടെസ്റ്റില്‍ 78 ന് പുറത്തായ ടീം വീണ്ടും ഒരു ഗാബ വീരഗാഥ ആവര്‍ത്തിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഘോഷരാവിലേക്ക് പോകുന്നു. തീര്‍ത്തും സ്പിന്നിന് അനുകൂലമായ പിച്ചില്‍ അശ്വിന്‍ ഇല്ലാത്തൊരു വിജയത്തെ എങ്ങനെ കാണണം ???

സത്യത്തില്‍ ഇന്ത്യന്‍ ടീം ഒരു സേഫ് സോണില്ലാത്ത കാലമാണ്. വിരാട് കോലിയില്‍ നിന്നും പ്രതീഷിച്ച സംഭാവനകള്‍ ലഭിക്കാതിരിക്കുമ്പോള്‍ പൂജാരയും രഹാനെയും അസ്ഥിരത തുടര്‍ച്ചയായി കാണിക്കുന്നു. എന്നിട്ടും തുടരെ തുടരെ തിരിച്ചു വരുന്ന ടീം, അതും എന്നും തോറ്റമ്പുന്ന ഇംഗ്‌ളണ്ടിലും ആസ്‌ട്രേലിയയിലും എതിരാളികളെയും ഒപ്പം ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ പക്ഷെ ടീമംഗങ്ങളുടെ അസ്ഥിരതയിലും സ്ഥിരത കാണിക്കുന്നു.

രോഹിത് ശര്‍മ്മയുടെ വിശ്വസ്തനായ ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയിലേക്കുള്ള പരിവര്‍ത്തനവും ശര്‍ദുല്‍ താക്കൂര്‍ എന്ന ഓള്‍റൗണ്ട് പ്രതിഭയുടെ ഉദയവും ബുംറ അടക്കമുള്ള വാലറ്റം ബാറ്റിങ്ങില്‍ കാണിക്കുന്ന അപ്രതീക്ഷിത മിന്നലാട്ടങ്ങളും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പുത്തന്‍ തലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ എന്നും ഇന്ത്യക്കെതിരെ വാലില്‍ വിഷം കാക്കുന്ന എതിരാളികളുടെ വാല് മുറിച്ചു കളയാനും ടീമിന് പറ്റുന്നു.

റിക്കി പോണ്ടിംഗിന്റെ ആസ്‌ട്രേലിയയെ പോലെ ചില സമയങ്ങളില്‍ ധ്വനിപ്പിക്കുമ്പോഴും പലപ്പോഴായി ആവര്‍ത്തിക്കുന്ന തെറ്റായ ടീം സെലക്ഷന്‍ മാത്രമായിരുന്നു ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോലും നഷ്ടപ്പെടുത്തിയത് .ശരാശരി പ്രായം കൂടി വരുന്ന ബാറ്റിങ്ങ് നിരയില്‍ വരും നാളുകളില്‍ യുവതാരങ്ങളായ വിഹാരി ,സൂര്യ കുമാര്‍ ,പൃത്ഥി ഷാ, ഗില്‍, അഗര്‍വാള്‍ എന്നിവരെ പരീക്ഷിക്കുമെന്നും ഒരു ടെസ്റ്റില്‍ പോലും പുറത്തിരുന്ന് കാണാന്‍ ആഗ്രഹിക്കാത്ത അശ്വിനെ അയാള്‍ക്ക് അഴിഞ്ഞാടാന്‍ പറ്റുന്ന പിച്ചിലെങ്കിലും കാണുമെന്നും പ്രതീക്ഷിക്കാം.

അമ്പേ തകരുന്ന ടീമിന്റെ തുടര്‍ച്ചയായ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അതു തന്നെയാണ് ഈ ടീമിന്റെ മുഖമുദ്ര, അതിന്ന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ അനുഭവസമ്പന്നര്‍ക്ക് പകരം പുത്തന്‍ താരോദയങ്ങളും എന്നതാകട്ടെ ഈ ടീമിന്റെ സൗഭാഗ്യവും.

വിജയിച്ച ടെസ്റ്റുകളില്‍ ഒന്നാമിന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്ന് പരമ്പരയില്‍ 2-1 ന് മുന്നില്‍. ഈ സീരീസ് 2 -2 സമനിലയിലായാല്‍ പോലും അത് ചരിത്രമാകും .എന്നാല്‍ പരമ്പര വിജയിക്കുകയാണെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ പുതിയ വാക്കുകള്‍ തേടേണ്ടി വരും. കോലിയുടെ 23000 റണ്‍സ് ,ശര്‍മ്മയുടെ 3000 ടെസ്റ്റ് റണ്‍സ്, പന്തിന്റെ 1500 റണ്‍സ്, ബൂംറയുടെ അതിവേഗ 100 വിക്കറ്റുകള്‍ .. പരമ്പരയില്‍ വിശേഷങ്ങളേറെ. ഇംഗ്‌ളണ്ട് എന്ന ടീമിനേക്കാള്‍ ഈ പരാജയം മൈക്കല്‍ വോഗന്‍ എന്ന അവരുടെ ജിഹ്വയേയാകും കൂടുതല്‍ വേട്ടയാടുക.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു