ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക് ജയം അനായാസമാക്കിയത്. നാല് സിക്സും രണ്ടും ഫോറും അടങ്ങുന്നതായിരുന്നു മാർഷിന്റെ ടോപ് സ്കോറിംഗ് പ്രകടനം.
ട്രാവിസ് ഹെഡ് 15 ബോളിൽ 28, ടിം ഡേവിഡ് 2 ബോളിൽ1, ജോഷ് ഇംഗ്ലിഷ് 20 ബോളിൽ 20, മിച്ചൽ ഓവൻ 10 ബോളിൽ 14, മാറ്റ് ഷോർട്ട് 0, എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി കുൽദീപ് യാദവ് ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 125 റൺസെടുത്തു പുറത്തായി. 37 പന്തുകൾ നേരിട്ട അഭിഷേക് ശര്‍മ രണ്ട് സിക്സും എട്ടു ഫോറുകളും സഹിതം 68 റൺസെടുത്ത് ടോപ് സ്കോററായി. അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യന്‍ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി.
ശുഭ്മൻ ഗിൽ (10 പന്തിൽ അഞ്ച്), സഞ്ജു സാംസൺ (നാലു പന്തിൽ രണ്ട്), സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവരാണു പവർപ്ലേ ഓവറുകളിൽ തന്നെ പുറത്തായി. ശിവം ദുബെ നാലു റൺസും അക്സർ പട്ടേൽ ഏഴ് റൺസും കുൽദീപ് പൂജ്യത്തിനും പുറത്തായി.
ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്‍സൽവുഡ് മൂന്നും, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ് എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മാർകസ് സ്റ്റോയ്നിസിന് ഒരു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.