ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 168 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയർ 18.2 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ബോളർമാരുടെ ഒന്നായ പരിശ്രമമാണ് ഓസീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
24 ബോളിൽ 30 റൺസെടുന്ന നായകൻ മിച്ചൽ മാർഷാണ് ഓസീസിന്റെ ടോപ് സ്കോറർ. മാത്യു ഷോർട്ട് 19 ബോളിൽ 25, ജോഷ് ഇംഗ്ലിസ് 11 ബോളിൽ 12, ടിം ഡേവിഡ് 9 ബോളിൽ 14, ജോഷ് ഫിലിപ്പ് 10 ബോളിൽ 10, മാർക്കസ് സ്റ്റോയിനിസ് 19 ബോളിൽ 17, ഗ്ലെൻ മാക്സ്വെൽ 4 ബോളിൽ 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഇന്ത്യയ്ക്കായി സുന്ദർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 39 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. അഭിഷേക് ശർമ (21 പന്തിൽ 28), ശിവം ദുബെ (18 പന്തിൽ 22), സൂര്യകുമാർ യാദവ് (10 പന്തിൽ 20), അക്ഷർ പട്ടേൽ (11 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ഓസ്ട്രേലിയയ്ക്കായി നേഥൻ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.