ഓസീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വീജയം. ഓസീസ് മുന്നോട്ടുവെച്ച 187 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ഇന്ത്യ മറികടന്നു. 23 ബോളിൽ നാല് സിക്സും മൂന്നു ഫോറുമായി 49 റണ്ഡസെടുത്ത് പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഈ മത്സരത്തിൽ ഇന്ത്യ വരുത്തിയ മൂന്ന് മാറ്റങ്ങളിലൊന്ന് സുന്ദറിനെ പ്ലെയിംഗ് ഇലവനിലെത്തിച്ചതായിരുന്നു.
ശുഭ്മാൻ ഗിൽ 12 ബോളിൽ 15, അഭിഷേക് ശർമ 16 ബോളിൽ 25, സൂര്യകുമാർ യാദവ് 11 ബോളിൽ 24, തിലക് വർമ 26 ബോളിൽ 29, അക്ഷർ പട്ടേൽ 12 ബോളിൽ 17 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശർമ 13 ബോളിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഓസീസിനായി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ടലെറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയായി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. അർധസെഞ്ചറി തികച്ച ടിം ഡേവിഡ് (38 പന്തിൽ 74), മാർക്കസ് സ്റ്റോയിനിസ് (39 പന്തിൽ 64) എന്നിവരുടെ പ്രകടനമാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി അർഷ്‍ദീപ് സിങ് മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.