അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യിലൂടെ ഇന്ത്യന്‍ കുപ്പായമണിഞ്ഞ തിലക് തുടക്കം ഗംഭീരമാക്കി. ഒരു അരങ്ങേറ്റക്കാരന്റെ യാതൊരു പതര്‍ച്ചയും തിലകില്‍ കണ്ടില്ല എന്നത് ശ്രദ്ധേയമായി.
മത്സരശേഷം തിലകിനെ തേടി ഒരു വീഡിയോ കോള്‍ എത്തി. മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സില്‍ തിലകിന്റെ സഹതാരമായ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന്റേതായിരുന്നു അത്.
നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും തിലക് സിക്‌സ് അടിക്കുന്നത് കണ്ട് തനിക്ക് രോമാഞ്ചം വന്നുവെന്ന് ബ്രെവിസ് തിലകിന് അയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബ്രെവിസിന്റെ അഭിനന്ദനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തിലക് വര്‍മ പ്രതികരിച്ചു.
മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയ അദ്ദേഹം തുടക്കം മുതല്‍ വളരെ നിര്‍ഭയമായാണ് ബാറ്റ് ചെയ്തത്. 22 ബോളില്‍ മൂന്നു സിക്സറും രണ്ടു ഫോറുകളുമടക്കം 39 റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്.