തുടർച്ചയായ രണ്ടാം തവണയും ഐപിഎലിൽ ഫൈനലിലേക്ക് പ്രവേശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന ആദ്യ പ്ലേയോഫിൽ 92 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് ഓൾ ഔട്ടായി.
നായകൻ രജത് പാട്ടീദാറിന്റെ മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 254 റൺസ് നേടിയത്. 33 പന്തിൽ ഒമ്പത് സിക്‌സറും അഞ്ച് ഫോറും അടക്കം 93* റൺസാണ് രജത് നേടിയത്. വിരാട് കോഹ്‌ലിയും ക്രുനാൽ പാണ്ഡ്യയും 43 റൺസ് വീതം നേടി. കൂടാതെ ദേവദത്ത് പടിക്കൽ 30 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. മത്സരശേഷം ആർസിബി നായകൻ സംസാരിച്ചു.
‘എന്റെ ബാറ്റിംഗ് രീതിക്ക് മാറ്റമൊന്നുമില്ല. തുടക്കത്തിൽ എനിക്ക് 8 അല്ലെങ്കിൽ 10 പന്തുകൾ വേണം എങ്ങനെയാണ് പിച്ച് എന്ന് മനസിലാക്കാൻ. അതിനെ കുറിച്ച് കൃത്യമായ ധാരണ കിട്ടിയാൽ പിന്നെ എനിക്ക് എങ്ങനെയാണ് എന്റെ ഇന്നിങ്‌സ് കൊണ്ടുപോകേണ്ടതെന്ന് അറിയാം. വിക്കറ്റ് പോകുമോ എന്ന ഭയമൊന്നുമില്ല എനിക്ക്. ബോളർമാർക്ക് എങ്ങനെ പ്രഷർ കൊടുക്കാം എന്നാണ് ഞാൻ നോക്കുന്നത്’ രജത് പറഞ്ഞു.
ഗുജറാത്തിനായി 43 പന്തിൽ 68 റൺസ് നേടിയ രാഹുൽ തേവാട്ടിയയാണ് ടോപ് സ്‌കോറർ. ജോസ് ബട്ലർ 29 റൺസും സായ് സുദർശൻ 14 റൺസും നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ആർസിബിക്കായി ജേക്കബ് ഡഫി മൂന്നും റാസിഖ് സലാം, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റ് നേടി.