ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശിവം ദുബൈ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ സ്കോർ മറികടന്നു.
മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.
സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. മത്സരശേഷം ഇഷാൻ കിഷൻ സംസാരിച്ചു.
“എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോയെന്ന്. അതിന് ഉത്തരവും കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം. റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത്, ഔട്ടായെങ്കിലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നതായിരുന്നു തന്റെ ആഗ്രഹം” ഇഷാൻ കിഷൻ പറഞ്ഞു.