ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ ടീം അപരാജിത കുതിപ്പ് നടത്തിയപ്പോഴും ഇന്ത്യൻ നായകൻ അത്ര മികച്ച ടച്ചിലല്ലായിരുന്നു. ഒരു ബാറ്റർ എന്ന നിലയിൽ താരം അമ്പേ പരാജയമായിരുന്നു. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 18 ശരാശരിയിലും 101.40 എന്ന സ്‌ട്രൈക്ക് റേറ്റിലും വെറും 72 റണ്‍സോടെയാണ് താരം ടൂർണമെൻ്റ് അവസാനിപ്പിച്ചത്.
ദുബായില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 37 പന്തില്‍ നിന്ന് 47* റണ്‍സ് നേടിയതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ തന്റെ ഫോമിലില്ലായ്മ അത്ര വലിയ കാര്യമല്ല എന്നാണ് സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. താന്‍ ഫോം ഔട്ടാണ് എന്ന് തനിക്ക് തോന്നുന്നില്ലെന്നും റണ്‍സ് കണ്ടെത്താനാകുന്നില്ല എന്നേയുള്ളു എന്നും താരം പറഞ്ഞു.
‘ഫോമിനെക്കുറിച്ച് പറയുകയാണെങ്കില്‍, നെറ്റ്‌സില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലും, എന്റെ തയ്യാറെടുപ്പുകളില്‍ ഞാന്‍ എത്രത്തോളം ശ്രദ്ധാലുവാണ് എന്നതിലും ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നു. ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മത്സരം ആരംഭിച്ചതിനുശേഷം, എല്ലാം ഓട്ടോപൈലറ്റിലാണ്. ഞാന്‍ ഫോമിലല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം, പക്ഷേ എനിക്ക് ഞാന്‍ ഫോം ഔട്ടാണ് എന്ന് തോന്നുന്നില്ല, റണ്‍സ് കണ്ടെത്താനാകുന്നില്ലായിരിക്കാം, റണ്‍സ് വന്നോളും,’ സൂര്യ പറഞ്ഞു.
‘നിങ്ങള്‍ പരിശീലനം തുടരേണ്ടതുണ്ട്. വിശ്രമിക്കൂ, ദൈവം മുകളില്‍ നിന്ന് നിരീക്ഷിക്കുന്നു. നിങ്ങള്‍ നന്നായി പരിശീലനം തുടര്‍ന്നാല്‍, ശരിയായ സമയത്ത് പ്രതിഫലം ലഭിക്കും,’ താരം കൂട്ടിച്ചേര്‍ത്തു.