ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ക്ഷനെതിരെ വൻ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ പരിശീലകനായ ഗൗതം ഗംഭീറിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ എന്നിവർ വിരമിക്കാൻ കാരണം പരിശീലകനാണെന്നാണ് മനോജ് തിവാരി പറയുന്നത്.
മനോജ് തിവാരി പറയുന്നത് ഇങ്ങനെ:
” അശ്വിൻ, രോഹിത് അല്ലെങ്കിൽ വിരാട് കോഹ്ലി എന്നിവരുണ്ടെങ്കിൽ അവർക്ക് ഹെഡ് കോച്ചിനെക്കാളും മറ്റ് സ്റ്റാഫിനെക്കാളും വലിയ സ്ഥാനം ലഭിച്ചേനെ. യോജിക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ അവർ ചോദ്യങ്ങൾ ഉന്നയിക്കും. അടിസ്ഥാനപരമായി ഇവർ അവിടെ ഇല്ലെന്ന് ഗംഭീർ ഉറപ്പുവരുത്തി. അതായിരുന്നു ഗംഭീറിന്റെ ആദ്യത്തെ ലക്ഷ്യം”
“ഈ പരിശീലകൻ സ്ഥാനമേറ്റെടുത്തതിനുശേഷം ധാരാളം വിവാദങ്ങൾ ഉയർന്നുവരുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗംഭീർ പരിശീലകനായശേഷമാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ കോഹ്ലലിയും രോഹിത്തും വിരമിച്ചു. ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ ടീമിലെടുക്കുകയും പ്ലേയിങ്് ഇലവനിൽ കളിപ്പിക്കുകയും ചെയ്തു. ടീം സെലക്ഷനിൽ യാതൊരു സ്ഥിരതയും പുലർത്താൻ ഗംഭീറിനായിട്ടില്ല” മനോജ് തിവാരി പറഞ്ഞു.