ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് തന്റെ നേതൃപാടവം തെളിയിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിത് ശർമ്മയുടെ വിരമിക്കലിന് പിന്നാലെയാണ് 25കാരനായ ഗില്ലിനെ സെലക്ടർമാർ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാക്കിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് സീരീസാണ് ഗില്ലിന് നൽകിയിരിക്കുന്ന ആദ്യ അസൈൻമെന്റ്. ജൂൺ 20നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
സിംബാബ്വെക്കെതിരായ ടി20 സീരീസിലാണ് മുൻപ് ഗിൽ ഇന്ത്യയുടെ ക്യാപ്റ്റനായത്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച അനുഭവവും യുവതാരത്തിനുണ്ട്. “ഓരോ ക്യാപ്റ്റനും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവാനുളള കഴിവുണ്ടെന്ന് ഹർഭജൻ സിങ് പറയുന്നു. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല.
ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക. അവൻ അവസരത്തിനൊത്ത് ഉയരും. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം എത്രത്തോളം കഴിവുളള താരമാണെന്ന് നമ്മളെല്ലാം കണ്ടതാണ്. ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശുഭ്മാൻ ഗില്ലിനും ടീം ഇന്ത്യയ്ക്കും ആശംസകൾ. ഇതൊരു യുവ ടീമാണ്”, ഹർഭജൻ കൂട്ടിച്ചേർത്തു.