2025 ലെ ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർ, രോഹിത് ശർമ്മയ്ക്ക് പകരം ഏകദിന ക്യാപ്റ്റനാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വൈറ്റ്-ബോൾ ക്രിക്കറ്റിൽ താരം മികച്ച ഫോമിലാണ്. പക്ഷേ അതിശയകരമെന്നു പറയട്ടെ, സെലക്ടർമാർ അദ്ദേഹത്തെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.
ഒരു വർഷത്തിലേറെയായി ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന ശുഭ്മാൻ ഗില്ലിനെ തിരിച്ചുവിളിക്കുകയും വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. എന്നിരുന്നാലും, അമ്പത് ഓവർ ഫോർമാറ്റിൽ ഗിൽ ഇന്ത്യയെ നയിക്കുന്നതിനോട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അനുകൂലമല്ല. 2027 ലെ ലോകകപ്പ് വരെ ഏകദിന മത്സരങ്ങളിൽ ദീർഘകാല ക്യാപ്റ്റൻസി ഓപ്ഷനായി അയ്യറെ പരിഗണിക്കുന്നുണ്ടെന്ന് ദൈനിക് ജാഗ്രനിലെ ഒരു റിപ്പോർട്ട് സൂചന നൽകുന്നു.
70 ഏകദിന മത്സരങ്ങളിൽ നിന്ന് 48.22 ശരാശരിയിൽ അഞ്ച് സെഞ്ച്വറികൾ ഉൾപ്പടെ 2845 റൺസ് അയ്യർ നേടിയിട്ടുണ്ട്. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ സീസണിൽ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോററായിരുന്നു അദ്ദേഹം. അഞ്ച് മത്സരങ്ങളിൽ നിന്ന് താരം 243 റൺസ് നേടി.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ, ഒക്ടോബറിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയായിരിക്കും അവരുടെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ, ഓസ്‌ട്രേലിയയ്‌ക്കെതിരെ അയ്യർ ക്യാപ്റ്റനായി തുടങ്ങിയേക്കാം.
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ ജോലിഭാരം കൈകാര്യം ചെയ്യാൻ ബിസിസിഐ ആഗ്രഹിക്കുന്നു. ടി20യിൽ സൂര്യകുമാർ യാദവിന്റെ ഡെപ്യൂട്ടി ആണ് അദ്ദേഹം, ഇതിനകം തന്നെ നേതൃത്വപരമായ റോളുകളുടെ ഭാരവും അദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂൾ കണക്കിലെടുക്കുമ്പോൾ, എല്ലാ ഫോർമാറ്റുകളിലും ഒരു കളിക്കാരനെ ക്യാപ്റ്റനായി നിയമിക്കുക അസാധ്യമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.