2007-2008 ലെ സി-ബി സീരീസ് ഫൈനലിൽ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയക്കെതിരെ പരാജയം മുന്നിൽ കണ്ടൊരു നിമിഷം, അയാൾ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഒരു മാച്ച് വിന്നിംഗ് പാർട്ണർഷിപ്പുണ്ടാക്കി ഇന്ത്യയെ വിജയ തീരത്തെത്തിക്കുമ്പോൾ, വിരാട് കോഹ്ലി എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിന് ശീലമായി തുടങ്ങിയിരുന്നില്ല.
മൂന്ന് വർഷങ്ങൾക്കിപ്പുറം, വാംഖടയിൽ സച്ചിൻ ടെൻഡുൽക്കറെ തോളിലേറ്റി വിരാട് കോഹ്ലി ലോകകപ്പ് വിജയം ആഘോഷിക്കുമ്പോൾ, അയാൾ നഷ്ടബോധത്തിന്റെ ദുഃഖ ഭാരവുമായി ആ നിമിഷങ്ങൾ സ്വന്തം വീട്ടിലെ ടീവി സ്ക്രീനിന് മുന്നിലിരുന്നു കാണുകയായിരുന്നു.
അന്ന് മുതൽ, ODI ലോകകപ്പ് അയാൾക്കൊരു സ്വപ്‌നമാണ്. 2015 ലും, 2019 ലും സെമിയിൽ കാലിടറിയപ്പോഴും, 2023 ൽ സ്വന്തം മണ്ണിൽ അത് കൈപ്പിടിയിൽ ഒതുക്കാമെന്ന് അയാൾ ഉറപ്പിച്ചതായിരുന്നു. അവിടെയും നിയതി അയാളോട് ക്രൂരത കാട്ടി. അത്രമേൽ ഫോൾസ് പ്രൂഫ് ആയിരുന്ന ഒരു ക്യാമ്പയിന്റെ ഒടുക്കം, കിരീടമില്ലാത്ത രാജാവിനെ പോലെ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മോട്ടേറിയിലെ കറുത്ത അകാശങ്ങൾ സാക്ഷിയായി അയാൾ നിന്നു.
ആ നഷ്ടങ്ങൾക്ക് പകരമായി, കുട്ടിക്രിക്കറ്റിന്റെ കിരീടവും, ചാമ്പ്യൻസ് ട്രോഫിയും കൈപ്പിടിയിൽ ഒതുങ്ങിയിട്ടും, ഇനിയും ശമിക്കാത്ത വിശപ്പോടെ അയാൾ ODI ഫോർമാറ്റിൽ മാത്രമായി ക്യാപ്റ്റൻസി നഷ്ടമായിട്ടും തുടരുന്നത് എന്തിനാവും? ഈ 39 ആം വയസ്സിൽ 11 കിലോ ശരീരഭാരം കുറച്ച്, യയാതിയെപ്പോലെ യൗവ്വനം തിരികെ നേടി അയാൾ മടങ്ങി വന്നത് എന്തിനാവും?
അതേ, അയാളൊരു സ്വപ്‌നത്തെ പിന്തുടരുകയാണ്!!! ആ സ്വപ്നത്തിൽ, അലകടൽ പോലെ ആർത്തിരമ്പുന്നൊരു ഗ്യാലറിയുടെ ആരവങ്ങളിൽ ലയിച്ചു സ്വയം മറന്നുകൊണ്ട് അയാൾ ODI ലോക കപ്പുമായി നിൽക്കുകയാണ്. ആ നിമിഷം മുതൽ, പതിനൊന്നു മഞ്ഞകുപ്പായക്കാർക്ക് മുന്നിൽ ആരവങ്ങളടങ്ങിപ്പോയ ഒന്നെകാൽ ലക്ഷം പേരടങ്ങിയൊരു ഗ്യാലറിയുടെ നിശ്ബദ്ത, അയാളെ വേട്ടയാടുകയില്ല. അന്ന്, സ്വന്തം നാട്ടിൽ ലോകകപ്പ് കളിക്കാനാവാതെ പോയൊരു ഇന്നലെയുടെ നഷ്ട ബോധം മറന്ന്, അയാൾ ഈ നീലകുപ്പായത്തോട് വിട പറയും.
പക്ഷെ, ആ സ്വപ്നത്തിലേക്ക് ഇനിയും രണ്ട് ആണ്ടുകളുടെ ദൂരം ബാക്കിയുണ്ട്. ഈ നാൽപതാം വയസ്സിൽ ആ ദൂരം അയാൾക്ക് ഓടിതീർക്കാനാവുമോ?? ഒരാൾക്ക് ഒഴികെ മറ്റാർക്കും ആ കാര്യത്തിൽ തീർച്ചയില്ല. തീർച്ചയുള്ള ആ ഒരേ ഒരാളുടെ പേര് ‘രോഹിത് ഗുരുനാഥ് ശർമ്മ’ എന്നാണ്. അയാൾ, 17 വർഷങ്ങൾക്കു മുമ്പ് സച്ചിനൊപ്പം കളി ജയിപ്പിച്ച അതേ 21 കാരന്റെ യുവത്വത്തോടെ, സിഡ്ണിയുടെ എല്ലാ മൂലകളിലേക്കും ഇന്ന് വെളുത്ത തുകൽ പന്തിനെ അടിച്ചകറ്റുന്നുണ്ടായിരുന്നു.
സാമ്പയ്ക്കെതിരെയും, ഷോർട്ടിനെതിരെയും അനിതരസാധാരണമായ ഐ-ഹാൻഡ് -കോഡിനേഷനോടെ അയാൾ ഇന്ന് കളിച്ച ആ സ്വീപ്പ് ഷോട്ടുകൾ, വീണ്ടെടുത്ത ഫിറ്റ്നസിന്റെ മാത്രം ദൃഷ്ടാന്തമായിരുന്നില്ല. അത്, തന്റെ സ്വപ്നത്തെ വിട്ടു വീഴ്ചയില്ലാതെ പിൻതുടരുന്നൊരു മനുഷ്യന്റെ നിച്ഛയദാർഢ്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. “To do it, you have to dream it first. And there is no one better than Rohit Sharma to do the dream.”