ഐപിഎലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ തമ്മിലടിച്ച് ഇരു ടീമിന്റെയും ആരാധകര്‍. സോഷ്യല്‍ മീഡിയയിലാണ് ഇതിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ പവലിയനില്‍ വച്ച് ആരാധകര്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്ന് തര്‍ക്കിക്കുകയാണ്. എന്നാല്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഇന്നലെ മത്സരം നടന്നത്. ആവേശകരമായ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ടീം വിജയം പിടിച്ചത്.
മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ബാറ്റിങ്ങില്‍ 188 റണ്‍സെടുത്ത് മികച്ച സ്‌കോര്‍ നേടിയ ഡല്‍ഹി ജയപ്രതീക്ഷയോടെയാണ് ബോളിങ്ങിന് ഇറങ്ങിയത്. എന്നാല്‍ തുടക്കത്തിലേ തിരിച്ചടിച്ച രാജസ്ഥാന്‍ ബാറ്റര്‍മാര്‍ ഒരുഘട്ടത്തില്‍ അനായാസം വിജയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുളള ബോളര്‍മാര്‍ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. കൂട്ടത്തില്‍ സ്റ്റാര്‍ക്കാണ് കൂടുതല്‍ അപകടകാരിയായത്.
തുടര്‍ച്ചയായി യോര്‍ക്കറുകളും സ്ലോ ബോള്‍ ബൗണ്‍സറും ഏറിഞ്ഞ് രാജസ്ഥാന്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. അവസാന ഓവറില്‍ അനായാസം രാജസ്ഥാന് ജയിക്കാമായിരുന്നു കളി ടൈ ആക്കിയത് സ്റ്റാര്‍ക്കിന്റെ മികവ് തന്നെയായിരുന്നു. സൂപ്പര്‍ ഓവറിലും ഇതേ മികവ് ആവര്‍ത്തിച്ചതോടെ വിജയം ഡല്‍ഹിയ്ക്ക് അനുകൂലമാക്കുകയായിരുന്നു താരം.