ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ഓപണർ അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.
ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ഇന്നിങ്സ് പുറത്തെടുത്ത അഭിഷേക് 35 പന്തിൽ 84 റൺസാണ് അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് കൂറ്റൻ സിക്സറുകളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇപ്പോഴിതാ എല്ലാ ടീമുകളും തനിക്ക് വേണ്ടി പ്ലാനുകൾ ഉണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ശർമ്മ.
‘ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു. അതാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്. എല്ലാ ടീമുകളും എനിക്ക് വേണ്ടി ഒരു പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. എന്റെ റോള്‍ വളരെ റിസ്‌കുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇതാണ് എന്റെ കംഫര്‍ട്ട് സോണെന്നും ഞാന്‍ പറയില്ല. പക്ഷേ ആദ്യത്തെ ആറ് വിക്കറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ പരിശീലിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും റേഞ്ച് ഹിറ്റിങ് ചെയ്യാറില്ല. ഞാന്‍ ഒരു ടൈമിങ് ബാറ്ററാണ്. എനിക്ക് പന്ത് കാണുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടുകയും ചെയ്യണം’, അഭിഷേക് പറഞ്ഞു.