അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ഇപ്പോഴിതാ സഞ്ജു സാംസണ് പകരം ഇഷാൻ കിഷനെ ഓപണിംഗിൽ കളിപ്പിക്കണമെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷാന്റെ ആദ്യകാല പരിശീലകനായ ഉത്തം മജുംദാർ. മികച്ച ഫോമിലുള്ള ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ ഉറപ്പായും സ്ഥാനം നൽകണമെന്നും പറ്റുമെങ്കിൽ ഓപ്പണർ തന്നെയാക്കണമെന്നും ഉത്തം മജുംദാർ മാധ്യമങ്ങളോടു പ്രതികരിച്ചു.
‘ലോകകപ്പിനുള്ള പ്ലേയിങ് ഇലവൻ ബിസിസിഐ ടീം മാനേജ്മെന്റാണു തീരുമാനിക്കുന്നത്. പവർപ്ലേ ഓവറുകളിൽ അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനാണ് കൂടുതൽ നന്നായി കളിക്കുകയെന്നാണ് എനിക്കു തോന്നുന്നത്. ഇഷാൻ മിഡിൽ ഓർഡർ ബാറ്ററാണെന്നതു ശരിയാണ്. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി അദ്ദേഹം ഓപ്പണിങ് ബാറ്ററുടെ റോളിലുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാന്റെ തകർപ്പൻ ബാറ്റിങ് നമ്മൾ കണ്ടതാണ്.’മജുംദാർ വ്യക്തമാക്കി.