ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കില്ലെന്ന് മുൻതാരം ദിനേശ് കാർത്തിക്ക്. രവീന്ദ്ര ജഡേജയ്ക്കൊപ്പം രണ്ടാം സ്പിന്നറായി ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയാണ് ഇന്ത്യ ഇന്ന് ഇറക്കുന്നത്. ആയതിനാൽ കുൽദീപിന് തന്റെ അവസരത്തിനായി പരമ്പരയിൽ ഇനിയും കാത്തിരിക്കേണ്ടി വരും. ബോളിങ്ങിനൊപ്പം ബാറ്റിങ്ങിലും മുൻപ് മികവ് കാണിച്ചതുകൊണ്ടാണ് കുൽദീപിനേക്കാൾ മുൻഗണന സുന്ദറിന് ലഭിക്കുന്നത്. എന്നാൽ കുൽദീപ് യാദവിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകർ നേരത്തെ രംഗത്തുവന്നിരുന്നത്.
ഇംഗ്ലണ്ട് പിച്ചുകളിൽ കുൽദീപ് ഇന്ത്യയ്ക്കായി തിളങ്ങുമെന്ന ആത്മവിശ്വാസം മിക്കവരും പ്രകടിപ്പിച്ചു. എന്നാൽ നിലവിൽ ഓൾറൗണ്ടർമാർക്കാണ് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നതിനാലാണ് കുൽദീപിന് അവസരം ലഭിക്കാത്തത്. രണ്ടാം ടെസ്റ്റിൽ ജഡേജ, സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നീ മൂന്ന് ഓൾറൗണ്ടർമാരെയാണ് ഇന്ത്യൻ ടീം ഇറക്കുന്നത്.
“കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ബാറ്റിംഗിനെക്കുറിച്ചായിരിക്കും അവർ വിഷമിക്കുക. ലോവർ ഓർഡർ ബാറ്റിംഗിൽ ഇന്ത്യക്ക് അൽപ്പം ആഴം കുറവാണ്, അതുകൊണ്ട് തന്നെ കുൽദീപിന് ഇലവനിൽ ഇടം നേടാൻ ബുദ്ധിമുട്ടായിരിക്കും”, രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാർത്തിക് പറഞ്ഞു.