ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 168 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയർ 18.2 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ബോളർമാരുടെ ഒന്നായ പരിശ്രമമാണ് ഓസീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മത്സരം അനുകൂലമാക്കിയത് ഓൾ റൗണ്ടർ അക്ഷർ പട്ടേലിന്റെ പ്രകടനമാണ്. താരം 11 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിൽക്കുകയും ബോളിങ്ങിൽ 4 ഓവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:
” മാത്യു ഷോർട്ട് ബാറ്റ് ചെയ്യുമ്പോൾ, അവൻ വ്യത്യസ്തമായ ഒരു താളത്തിലായിരുന്നു. അക്സർ വന്ന് ആദ്യം അവനെ പുറത്താക്കി, പിന്നീട് ജോഷ് ഇംഗ്ലിസിനെയും പുറത്താക്കി. അവിടെ നിന്നാണ് വിക്കറ്റുകൾ പോകാൻ തുടങ്ങിയത്. ബാറ്റിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ, അവസാന കുറച്ച് ഓവറുകളിൽ അദ്ദേഹം നിർണായക റൺസ് നേടി. വളരെക്കാലമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു,”
“അദ്ദേഹം നാല് ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി 20 റൺസ് മാത്രം വിട്ടുകൊടുത്തു. ആ സമയത്ത് 12 ഡോട്ട് ബോളുകൾ എറിഞ്ഞ അക്ഷർ പട്ടേലിന്റെ ബൗളിംഗ് അതിശയകരമായിരുന്നു. സ്റ്റമ്പ് ടു സ്റ്റമ്പ് എറിയുന്നതിന്റെ കാരണം അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം എപ്പോഴും പോസിറ്റീവായി പന്തെറിയുകയും വിക്കറ്റുകൾ എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എല്ലാവരും ഒരുമിച്ച് കളി ജയിച്ചു, പക്ഷേ അക്സറിന്റെ നിർണായക റൺസും അദ്ദേഹം നേടിയ രണ്ട് വിക്കറ്റുകളും കാരണമാണ് ഇന്ത്യ ജയിച്ചതെന്ന് ഞാൻ കരുതുന്നു,” റെയ്ന കൂട്ടിച്ചേർത്തു.