ഓസ്‌ട്രേലിയൻ ടീമിന്റെ നെടുംതൂണുകളാണ് പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും. ഐപിഎലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളാണ് ഇരുവരും. ഈ വർഷം നടന്ന ഐപിഎലിൽ മികച്ച പ്രകടനമാണ് ഇരു താരങ്ങളും നടത്തിയത്. ഇപ്പോഴിതാ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടിക്കണക്കിന് രൂപയുടെ ഓഫര്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ് താരങ്ങൾ.
പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) ലഭിക്കുമായിരുന്ന ഓഫറാണ് ഇരുവരും വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. ദേശീയ ടീമിനായി കളിക്കുന്നതിനാൽ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് സാധിക്കാറില്ല. എന്തായാലും താരങ്ങളുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.