ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഒരുകാലത്ത് പ്രധാന ബാറ്ററായി കളിച്ചിരുന്ന താരമായിരുന്നു ചേതേശ്വര്‍ പൂജാര. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ക്രിക്കറ്റ് വിദഗ്ദര്‍ വിശേഷിപ്പിച്ച പൂജാര നിരവധി മത്സരങ്ങളില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇംപാക്ടുളള ബാറ്റിങ് പെര്‍ഫോമന്‍സുകള്‍ തുടര്‍ച്ചയായി കാഴ്ചവച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ടീമിലെ മൂന്നാമനായി പുജാര തന്റെ സ്ഥാനമുറപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് താരത്തിന് ഫോം നഷ്ടപ്പെട്ടത് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. പൂജാരയ്ക്ക് പകരം ശുഭ്മാന്‍ ഗില്‍ ആ സ്ഥാനത്തേക്ക് എത്തി.
എന്നാല്‍ നിലവില്‍ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ ഗില്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ അത്ര സ്ഥിരതയാര്‍ന്ന പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ഗില്ലിന് പുറമെ കെഎല്‍ രാഹുലും നിലവില്‍ ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ഓപ്ഷനാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യയ്ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ കളിക്കാന്‍ തയ്യാറാണെന്ന് പറയുകയാണ് പുജാര.
ടീമിന് ആവശ്യമുണ്ടെങ്കില്‍, എനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍, ഞാന്‍ എന്റെ ഭാഗത്തുനിന്ന് തയ്യാറാണ്. എന്റെ ശാരീരികക്ഷമതയ്ക്കായി ഞാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, രാജ്യത്തും ആഭ്യന്തര ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനമാണ് ഞാന്‍ കാഴ്ചവയ്ക്കുന്നത്, പുജാര പറയുന്നു. ടീം ഇന്ത്യ വളരെ മത്സരബുദ്ധിയുള്ളവരാണ്, പക്ഷേ ഏകദേശം 20 വര്‍ഷമായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര പോലും നേടിയിട്ടില്ല, അതിനാല്‍ ഒരു അവസരം ലഭിച്ചാല്‍, എന്റെ ഭാഗത്തുനിന്ന് ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പുജാര കൂട്ടിച്ചേര്‍ത്തു.