ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി യശസ്വി ജയസ്വാളിനൊപ്പം ഏത് താരം ഓപ്പണിങ്ങിൽ ഇറങ്ങണമെന്ന് നിർദേശിച്ച് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്. ജൂൺ 20നാണ് അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുക. യുവനിരയ്ക്ക് പ്രാധാന്യം നൽകിയുളള ടീമാണ് ഇത്തവണ ഇന്ത്യയുടേത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ വിരമിച്ചതോടെ പുതിയ താരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചു. സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, അർഷ്ദീപ് സിങ്, കരുൺ നായർ എന്നിവർ ടീമിലുണ്ട്.
നിലവിൽ ഇംഗ്ലണ്ടിൽ പരിശീലനത്തിലാണ് ഇന്ത്യൻ ടീം. ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ ജയ്സ്വാളിനൊപ്പം നായകൻ ശുഭ്മാൻ ഗിൽ ഇറങ്ങണമെന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. കരിയറിന്റെ തുടക്കത്തിൽ ടെസ്റ്റിൽ ഓപ്പണറായി കളിച്ചിട്ടുളള താരമാണ് ഗിൽ. ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ ഇറങ്ങണമെന്ന് പറഞ്ഞ ഹോഗ് കരുൺ നായരുടെ ഇന്നിങ്സ് കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ഓപ്പണിങ്ങിൽ ജയ്സ്വാളും ഗില്ലും ഇറങ്ങിയാൽ ബാറ്റിങ് പൊസിഷനിൽ താഴെയായി കരുൺ നായരും കെഎൽ രാഹുലുമുണ്ട്. റിഷഭ് പന്ത് ആറാം സ്ഥാനത്തും ഇറങ്ങും. സായി സുദർശനും ടോപ് ഓർഡറിൽ ഇറക്കാൻ പറ്റുന്ന ബാറ്ററാണ്, ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ ലീഡ്സിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്. പരമ്പരയ്ക്ക് മുൻപായി ഇതിനോടകം രണ്ട് സന്നാഹ മത്സരങ്ങൾ നടന്നിരുന്നു.