ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ പോരാട്ടത്തിനിടെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിന്റെ പേസർ ആകാശ് സിംഗ് തന്റെ പോക്കറ്റിൽ നിന്ന് കടലാസ് ഉയര്‍ത്തിക്കാട്ടി നടത്തിയ ആഘോഷത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ മുന്‍ താരം അംബാട്ടി റായുഡു.
സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും മലയാളി തരാം സഞ്ജു സാംസണെയും പുറത്താക്കിയശേഷം ആകാശ് സിംഗ് പോക്കറ്റിൽ നിന്ന് ചെറിയൊരു കടലാസ് പുറത്തെടുത്ത് ക്യാമറയ്ക്ക് മുന്നിൽ കാണിച്ച ആഘോഷമാണ് ഇപ്പോൾ വിമർശനത്തിന് വഴിവച്ചത്. ബിസിസിഐ ഇത്തരം ആഘോഷ പരിപാടികൾ ഉടൻ നിരോധിക്കണമെന്ന് ക്രിക്ഇൻഫോയുടെ ‘ടൈംഔട്ട്’ എന്ന ഷോയിലൂടെ റായുഡു വ്യക്തമാക്കി.
‘ഇത്തരം ആഘോഷങ്ങൾ ബിസിസിഐ നിരോധിക്കണം. ഇത് വളരെ മോശമായ കാര്യമാണ്. മൈതാനത്തേക്ക് ഇത്തരം കടലാസുകൾ കൊണ്ടുവരാൻ താരങ്ങൾക്ക് അനുവാദമുണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. ഇന്ന് ഞാൻ ടിവിക്ക് മുന്നിൽ ഇങ്ങനെ ഒരു ആഘോഷം നടത്തിയാൽ ആളുകൾ എന്നെ മാസ്സ് ആയി കരുതും എന്ന് ഏത് നിമിഷത്തിലാണ് അവന് തോന്നിയത് എന്ന് എനിക്കറിയണം’
‘ഇത് നല്ലൊരു ആശയമാണെന്ന് പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ച കൂട്ടുകാർ ആരാണെന്നും അറിയേണ്ടതുണ്ട്. ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് വെറും അസംബന്ധമാണ്’, അംബാട്ടി റായുഡു തുറന്നടിച്ചു. ഈ പുതിയ ട്രെൻഡിനോട് തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.