ഏകദിന ടീമിൽ തുടർന്നും അവസരം ലഭിക്കണമെന്നുണ്ടെങ്കിൽ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുവരും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
“ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോർഡും ടീം മാനേജ്‌മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ, മത്സരക്ഷമത കൈവരിക്കാൻ അവർ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമാകേണ്ടിവരും, ബിസിസിഐ വൃത്തങ്ങൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
വിജയ് ഹസാരെയിൽ കളിക്കാമെന്ന് രോഹിത് ഇതിനകം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. വിജയ് ഹസാരെയ്ക്കു പുറമേ, ആവശ്യമെങ്കിൽ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലും കളിക്കാൻ രോഹിത് ശർമ താൽപര്യം അറിയിച്ചിട്ടുണ്ട്.
എന്നാൽ കോഹ്‌ലി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം കോഹ്‌ലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ആഭ്യന്തര ടൂർണമെന്റ് കളിക്കുന്നതിനായി താരം ഇന്ത്യയിൽ തന്നെ തുടരുമോയെന്നു വ്യക്തമല്ല. ഡിസംബർ 24നാണ് വിജയ് ഹസാരെ ട്രോഫിക്കു തുടക്കമാകുന്നത്.