ഏഷ്യകപ്പിൽ പാക് പരാജയത്തിന് ശേഷം താരങ്ങൾക്ക് കൈ കൊടുക്കാതെ ഗ്രൗണ്ട് വിട്ടത് സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മത്സരത്തിന്റെ നിയമങ്ങൾക്ക് എതിരായാണ് ഇന്ത്യൻ ടീമിന്റെ ഈ പ്രവൃത്തി എന്നും ഇത് ശരിയായ നടപടി അല്ലെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതിനെ തുടർന്ന് സമ്മാനദാനച്ചടങ്ങിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഗയെ അയക്കാതെ പാകിസ്ഥാൻ താരങ്ങളുടെ പ്രതിക്ഷേധം അറിയിച്ചു.
പാകിസ്താനെതിരെ അനായാസ വിജയം നേടിയതിനു പിന്നാലെ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ താരങ്ങൾ മടങ്ങിയതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. സൂഫിയാൻ മുഖീം എറിഞ്ഞ 16 ആം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ അടിച്ച് പറത്തി കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താന് മേൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ഇതിനു പിന്നാലെയാണ് പാക് താരങ്ങളുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഇന്ത്യൻ ടീം കളിക്കളം വിട്ടത്. പാക് താരങ്ങൾ ഹസ്തദാനം പ്രതീക്ഷിച്ച് ഗ്രൗണ്ടിൽ കത്ത് നിന്നെങ്കിലും ഫലമുണ്ടാകാത്തതിനാൽ മടങ്ങുകയായിരുന്നു. ഇതിന്റെ പ്രതിഷേധ സൂചകമായാണ് സമ്മാനദാന ചടങ്ങിൽ നിന്നും പാക് നായകൻ വിട്ട് നിന്നത്.