ശ്രീലങ്കൻ ഓൾറൗണ്ടർ ദുനിത് വെല്ലലഗെയുടെ പിതാവ് സുരംഗ വെല്ലലഗ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അബുദബിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടുന്ന സമയത്താണ് ദുനിതിന്റെ പിതാവ് മരണപ്പെടുന്നത്. മത്സരത്തിനു ശേഷമാണ് ശ്രീലങ്കൻ ടീം പരിശീലകൻ സനത് ജയസൂര്യ ദുനിതിനെ പിതാവിന്റെ വിയോഗം അറിയിച്ചു.
‘‘ദുനിതിന്റെ പിതാവ് അൽപം മുൻപാണു നമ്മളെ വിട്ടുപിരിഞ്ഞത്. വളരെ വേദനയോടെയാണു ഞാനിത് പറയുന്നത്. മരണ വിവരം ദുനിതിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു പിന്തുണ നൽകേണ്ട സമയമാണിത്. ആഘോഷ പ്രകടനങ്ങൾ അവസാനിപ്പിക്കണം.’’– മുൻ ശ്രീലങ്കൻ താരം റസൽ അർണോൾഡ് കമന്ററിക്കിടെ പ്രതികരിച്ചു.
ശ്രീലങ്ക വിജയം ആഘോഷിക്കില്ലെന്നും സൂപ്പർ ഫോർ ഘട്ടത്തിൽ കളിക്കാരുടെ ഐക്യം അവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആർനോൾഡ് കൂട്ടിച്ചേർത്തു. ശ്രീലങ്കയിലെ പ്രിൻസ് ഓഫ് വെയിൽസ് ടീമിന്റെ ക്യാപ്റ്റനായി കളിച്ചിട്ടുള്ളയാളാണ് സുരംഗ.
മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ദുനിത് 49 റൺസ് വഴങ്ങിയിരുന്നു. 20–ാം ഓവറിൽ പന്തെറിഞ്ഞ താരത്തെ അഫ്ഗാനിസ്ഥാൻ ബാറ്റർ മുഹമ്മദ് നബി അഞ്ചു തവണ സിക്സർ പറത്തി. ഒരു വിക്കറ്റ് മാത്രമാണു താരത്തിനു മത്സരത്തിൽ ലഭിച്ചത്. മത്സരത്തിൽ ശ്രീലങ്ക ആറു വിക്കറ്റിന് വിജയിച്ചു