കുറച്ച് നേരത്തേയ്ക്കെങ്കിലും ഫൈസൽ മിഡിൽ ഈസ്റ്റിൻ്റെ രാജാവായി മാറിയിരുന്നു, ആ ചില്ലുമേടയിൽ നിന്ന് അയാളെ ഒറ്റ ഹിറ്റ് കൊണ്ട് താഴെ ഇറക്കിയവൻ്റെ പേരാണ് സഞ്ജു സാംസൺ!!

ഇത്രയേറെ വെറുപ്പും വിദ്വേഷവും സഞ്ജു സാംസൺ അർഹിക്കുന്നുണ്ടോ!? ഒമാനെതിരെ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിനെ പലരും പരിഹസിക്കുന്നുണ്ട്. ”സഞ്ജു ടെസ്റ്റ് കളിച്ചു” എന്നാണ് അവരുടെ ആരോപണം! 45 പന്തുകളിൽ നിന്ന് 56 റൺസാണ് സഞ്ജു നേടിയത്. സ്കോർകാർഡ് മാത്രം പരിശോധിച്ചാൽ ഇതൊരു മോശം ടി-20 ഇന്നിംഗ്സ് ആയി തോന്നിയേക്കാം. എന്നാൽ അതാണോ യാഥാർത്ഥ്യം? ഒരിക്കലുമല്ല.

ഇന്ത്യ-ഒമാൻ മത്സരം അരങ്ങേറിയത് അബുദാബിയിലാണ്. അവിടത്തെ ഹ്യുമിഡിറ്റി അതിഭീകരമായിരുന്നു. അത്തരമൊരു കാലാവസ്ഥയിൽ ബാറ്റിങ്ങ് ഒട്ടും എളുപ്പമല്ല. അക്കാര്യം പരിഗണിക്കുമ്പോൾ സഞ്ജു മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അഭിഷേക് ശർമ്മയും അക്സർ പട്ടേലും തിലക് വർമ്മയും സഞ്ജുവിനേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തു എന്നത് ശരിയാണ്. പക്ഷേ അവരെല്ലാം കുറച്ച് നേരം മാത്രമാണ് ക്രീസിൽ നിന്നത്. കൂടുതൽ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്നുവെങ്കിൽ അവരും സ്ട്രഗിൾ ചെയ്യുമായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് സീരീസ് ഓർമ്മയില്ലേ? ആ പരമ്പരയിലെ മുംബൈ ടെസ്റ്റിൽ കിവി ബാറ്റർമാർ ശരിക്കും വിയർത്തിരുന്നു. നേരേചൊവ്വേ ശ്വസിക്കാൻ പോലും അവർ ബുദ്ധിമുട്ടിയിരുന്നു! മുംബൈയിലെ ഹ്യുമിഡിറ്റി അത്രമാത്രം തീവ്രമായിരുന്നു!
ഹോട്ട് & ഹ്യുമിഡ് ആയ മൈതാനങ്ങൾ എല്ലാ ബാറ്റർമാരുടെയും ഊർജ്ജം വറ്റിച്ചുകളയും. പിന്നെ എന്തിനാണ് നാം സഞ്ജുവിനെ മാത്രം പഴിക്കുന്നത്?

ഇതിനൊരു മറുവശം കൂടിയുണ്ട്. സഞ്ജുവിനെ മാറ്റി നിർത്തിയാൽ ഒമാനെതിരെ 30 കടന്നത് അഭിഷേക് ശർമ്മ മാത്രമാണ്. ഒരു തകർച്ച ഒഴിവാക്കിയത് സഞ്ജുവാണ്. അയാൾ പ്രശംസയല്ലേ അർഹിക്കുന്നത്? ഏഷ്യാകപ്പിൻ്റെ സംഘാടകർക്ക് കളിയെക്കുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ടാണ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് അവർ സഞ്ജുവിന് തന്നെ സമ്മാനിച്ചത്. സഞ്ജുവിനെ കല്ലെറിയുന്നവരോട് ഒരു ചോദ്യമുണ്ട്. നിങ്ങൾ ഒരിക്കലെങ്കിലും സഞ്ജുവിൻ്റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടുണ്ടോ? ടി-20 ഓപ്പണർ എന്ന നിലയിൽ 3 സെഞ്ച്വറികൾ സ്കോർ ചെയ്ത ആളാണ് സഞ്ജു. കേരള ക്രിക്കറ്റ് ലീഗിൽ പൊന്നുവിളയിച്ചതിനുശേഷമാണ് അയാൾ ഏഷ്യാകപ്പിന് എത്തിയത്. പക്ഷേ സഞ്ജുവിന് പ്രതിഫലമായി ലഭിച്ചത് അനാദരവ് മാത്രമല്ലേ?

ഏഷ്യാകപ്പിൽ സഞ്ജുവിന് ഓപ്പണിങ്ങ് പൊസിഷൻ വിട്ടുകൊടുക്കേണ്ടിവന്നു. ആദ്യ രണ്ട് കളികളിൽ ബാറ്റ് തൊടാൻ പോലും സാധിച്ചില്ല. സഞ്ജുവിനെ ബലികൊടുത്ത് ശുഭ്മാൻ ഗില്ലിനെ നൂലിൽ കെട്ടിയിറക്കി. വേറെ ഏതെങ്കിലുമൊരു കളിക്കാരന് ഇതുപോലൊരു ദുർവിധി ഉണ്ടായിട്ടുണ്ടാവുമോ!? ഇത്രയേറെ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴും വീണുകിട്ടിയ ആദ്യ അവസരത്തിൽ തന്നെ സഞ്ജു ഫിഫ്റ്റി നേടി! ആ ചങ്കുറപ്പിനെ അഭിനന്ദിച്ചേ മതിയാകൂ!

രണ്ട് ദിവസങ്ങൾക്കുമുമ്പ് ഒമാൻ്റെ മുഖ്യ പരിശീലകനായ ദുലീപ് മെൻഡിസ് പറഞ്ഞിരുന്നു- ”ഈ മത്സരം ഒമാനെ സംബന്ധിച്ചിടത്തോളം വലിയൊരു അവസരമാണ്. ചെറിയ ടീമുകൾക്കെതിരെ നന്നായി കളിച്ചാൽ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. എന്നാൽ ഇന്ത്യയ്ക്കെതിരെ നന്നായി പെർഫോം ചെയ്താൽ ലോകം നിങ്ങളെ ആദരിക്കും…!” കോച്ചിൻ്റെ വാക്കുകൾ നെഞ്ചിലേറ്റിയാണ് ഫൈസൽ ഷാ എന്ന ലെഫ്റ്റ് ആം സീമർ പന്തെറിഞ്ഞത്.

ഗില്ലിനെ ഫൈസൽ പുറത്താക്കിയപ്പോൾ പാക് ഇതിഹാസമായ വഖാർ യുനീസ് കമൻ്ററി ബോക്സിലൂടെ അഭിപ്രായപ്പെട്ടു- ”ഫൈസലിൻ്റെ സീം പൊസിഷൻ നോക്കൂ! അയാൾ നല്ല സ്വിംഗ് ഉത്പാദിപ്പിക്കുന്നുണ്ട്. ഗില്ലിൻ്റെ പ്രതിരോധം തുളച്ച പന്തിനെ ഡ്രീം ഡെലിവെറി എന്ന് വിശേഷിപ്പിക്കേണ്ടതാണ്…!”

ആ സമയത്താണ് സഞ്ജു കളിക്കാനിറങ്ങിയത്. ഫൈസൽ ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലായിരുന്നു. സ്വന്തം പൊസിഷൻ പോലും കൈമോശം വന്ന സഞ്ജു രാജ്യം നഷ്ടപ്പെട്ട രാജകുമാരനെപ്പോലെയായിരുന്നു! ആദ്യ 7 പന്തുകളിൽനിന്ന് ഒരേയൊരു റൺ മാത്രമാണ് സഞ്ജു നേടിയത്. വീണ്ടും വഖാറിൻ്റെ ശബ്ദം മുഴങ്ങി- ”സഞ്ജുവിൻ്റെ താളമെല്ലാം നഷ്ടപ്പെട്ടത് പോലെ തോന്നുന്നു. അയാൾ ശരിക്കും പതറുന്നു…!” ഫൈസലിൻ്റെ അടുത്ത പന്ത് 87 മീറ്റർ അകലെയാണ് നിലംതൊട്ടത്! സിക്സർ!!

സഞ്ജുവിനെ അളക്കാൻ ആ ഷോട്ട് മാത്രം മതി. ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴും ഏറ്റവും മികച്ച എതിരാളിയെ നിലംപരിശാക്കാൻ സഞ്ജുവിന് കഴിയും! കുറച്ച് നേരത്തേയ്ക്കെങ്കിലും ഫൈസൽ മിഡിൽ ഈസ്റ്റിൻ്റെ രാജാവായി മാറിയിരുന്നു. ആ ചില്ലുമേടയിൽ നിന്ന് ഫൈസലിനെ ഒറ്റ ഹിറ്റ് കൊണ്ട് താഴെ ഇറക്കിയവൻ്റെ പേരാണ് സഞ്ജു സാംസൺ!!

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ