ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കന്‍ യുവതാരം ദുനിത് വെല്ലലഗെയുടെ ഓള്‍റൗണ്ട് പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. സത്യത്തില്‍ ഇന്ത്യയും ദുനിത് വെല്ലലഗെയും തമ്മിലായിരുന്നു മത്സരമെന്നും യുവതാരത്തിന്റെ ബോളിംഗിനേക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു ബാറ്റിംഗെന്നും ഗംഭീര്‍ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ബോളിംഗിനെക്കാള്‍, സമ്മര്‍ദത്തിന്‍ കീഴിലുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് അസാധാരണമാംവിധം മികച്ചതായിരുന്നു. സത്യത്തില്‍ 20 വയസ്സിന് താഴെയുള്ള ആരും ഇതുപോലൊരു ശക്തമായ ടീമിനെതിരെ ഇത്തരത്തില്‍ പന്തെറിഞ്ഞിട്ടില്ല. ഇന്നത്തേത് ശരിക്കും ഇന്ത്യയും വെല്ലലഗെയും തമ്മിലുള്ള മത്സരമായിരുന്നു- ഗംഭീര്‍ പറഞ്ഞു.
ബോളിംഗിലും പിന്നാലെ ബാറ്റിംഗിലും തിളങ്ങിയ 20 കാരന്‍ ദുനിത് വെല്ലാലഗെ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചു. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി. 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദുനിത് വെല്ലാലഗെയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവരുടെ വിലയേറിയ വിക്കറ്റുകളാണ് ഇടങ്കയ്യന്‍ സ്പിന്നര്‍ സ്വന്തമാക്കിയത്. തന്റെ 13-ാം ഏകദിനം കളിക്കുകയായിരുന്ന വെല്ലലഗെ, തന്റെ ആദ്യ 5 വിക്കറ്റ് നേട്ടവും, ഉയര്‍ന്ന വ്യക്തിഗത സ്‌കോറും നേടി മത്സരത്തില്‍ അപരാജിതനായി നിന്നു.