ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്ഫോം അഴുക്കുചാലാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി പീറ്റർ നവാരോ. എക്സ് ഇരുണ്ട ശക്തികളുടെ ഉത്പാദന കേന്ദ്രമായി മാറിയെന്നും നവാരോ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനിയായി ചാർളി കിർക്കിൻ്റെ വെടിയേറ്റുള്ള മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണിത്.
ലോസ് ആഞ്ജലീസിലെ ഒരു അധ്യാപകൻ കൊലപാതകങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്‌തതിന് പിന്നാലെ, എക്സ്‌സിൽ പ്രചരിക്കുന്ന അക്രമാസക്തമായ സംഭാഷണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നവാരോ മസ്കിനോട് ആവശ്യപ്പെട്ടു. അക്രമത്തെ ആഘോഷിക്കുന്ന ഓൺലൈൻ പ്രതികരണങ്ങളെ ഇലോൺ മസ്‌ക് അപലപിക്കുകയും, അതിനെ പ്രശംസിക്കുന്നവരെ ദുഷ്‌ടർ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.
വ്യക്തികൾക്കെതിരായ ഭീഷണികൾ നിയന്ത്രിച്ചില്ലെങ്കിൽ അവ വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കിർക്കിൻ്റെ മരണത്തിന് ആഹ്വാനം ചെയ്ത ഒരു പോസ്റ്റിന്, “ഒന്നുകിൽ നമ്മൾ തിരിച്ചടിക്കും, അല്ലെങ്കിൽ അവർ നമ്മളെ കൊല്ലും,” എന്ന് മസ്‌ക് പ്രതികരിച്ചിരുന്നു. മസ്‌ക് ആദ്യം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടേയെന്നാണ് പീറ്റർ നവാരോ ഇതിന് മറുപടിയായി പറഞ്ഞത്.