ഇറാനെതിരെ നടത്താനിരുന്ന ആക്രമണം മാറ്റിവെച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെച്ചതെന്ന് ട്രംപ് പറഞ്ഞത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ പ്രതികരണം.
സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ടെഹ്‌റാനുമായി ഗൗരവമായ ചർച്ചകൾ നടക്കുന്നതിനാൽ ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ചൊവ്വാഴ്ച ഇറാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന ആക്രമണം മാറ്റിവയ്ക്കുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താൻ കഴിഞ്ഞാൽ അമേരിക്ക തൃപ്തരാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ വഴി ഇറാൻ യുഎസിന് പുതിയ 14 പോയിന്റ് നിർദ്ദേശം സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
രാജ്യം ഒരു ശക്തിക്കും വഴങ്ങില്ലെന്ന് നേരത്തെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാൻ വഴി നയതന്ത്ര പ്രക്രിയ തുടരുന്നുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പാകിസ്ഥാൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.