യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ‘അടുത്ത വ്യക്തിബന്ധം’ ഉണ്ടായിരുന്നെന്നും അത് ഇല്ലാതായതിൽ ഖേദമുണ്ടെന്നും മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഏകദേശം 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായതിലാണ് ബോൾട്ടന്റെ പ്രസ്താവന.
ട്രംപിനെതിരെ തുടർച്ചയായി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്. അമേരിക്കൻ പ്രസിഡന്റുമായുള്ള വ്യക്തിബന്ധങ്ങൾ അദ്ദേഹത്തിന്റെ അസ്ഥിരവും പ്രവചനാതീതവുമായ വിദേശനയങ്ങളിൽനിന്ന് ലോക നേതാക്കളെ സംരക്ഷിക്കില്ലെന്നും ബോൾട്ടൺ മുന്നറിയിപ്പ് നൽകി.
‘ട്രംപിന് മോദിയുമായി വ്യക്തിപരമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു. അത് ഇപ്പോൾ ഇല്ലാതായെന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും ഇതൊരു പാഠമാണ്.’ ബ്രിട്ടീഷ് വാർത്താ മാധ്യമമായ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോൾട്ടൺ പറഞ്ഞു. ‘വ്യക്തിബന്ധങ്ങളുടെ കണ്ണാടിയിലൂടെയാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നതെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്, അദ്ദേഹത്തിന് വ്ലാഡിമിർ പുതിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, അമേരിക്കയ്ക്ക് റഷ്യയുമായി നല്ല ബന്ധമുണ്ട്. എന്നാൽ, അതല്ലല്ലോ യാഥാർത്ഥ്യം. ബോൾട്ടൺ പറഞ്ഞു.
അമേരിക്കയുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാൻ വ്യക്തിബന്ധങ്ങൾ മാത്രം മതിയാകില്ലെന്ന് അഭിമുഖത്തിൽ ബോൾട്ടൺ ചൂണ്ടിക്കാട്ടുന്നു. ട്രംപുമായുള്ള ശക്തമായ വ്യക്തിബന്ധം താൽക്കാലിക നേട്ടങ്ങൾ നൽകിയേക്കാം. എന്നാൽ, ആത്യന്തികമായി അതവരെ സംരക്ഷിക്കില്ല. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഉൾപ്പെടെയുള്ള മറ്റ് ലോകനേതാക്കൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.