തുർക്കിയിൽ വച്ച് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകയിൽ വെടിനിർത്തൽ തീരുമാനം ആയില്ലെന്ന് റിപ്പോർട്ട്. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. 40 മിനിറ്റ് നീണ്ട ചർച്ചയിൽ വെടിനിർത്തൽ വ്യവസ്‌ഥകൾ പലതും ഇരു രാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാതിരുന്നതോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
ബുധനാഴ്‌ച നടന്ന ചർച്ചയിൽ പ്രധാനമായും തടവുകാരെ കൈമാറുന്നതിനെ കുറിച്ചായിരുന്നു ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. ശത്രുത അവസാനിപ്പിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് യുക്രെയ്നിന്റെ പ്രതിനിധി റസ്‌റ്റം ഉമെറോവ് പറഞ്ഞു. ഇരു രാജ്യങ്ങളിൽ നിന്നുമായി കുറഞ്ഞത് 1,200 യുദ്ധത്തടവുകാരെയെങ്കിലും കൈമാറാനുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഓഗസ്‌റ്റ് അവസാനത്തോടെ യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിയും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടത്താനും യുക്രെയ്‌ൻ നിർദേശം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു കരാറിൽ എത്തുക എന്നതാണ് പ്രധാനമെന്ന് റഷ്യയുടെ പ്രതിനിധി വ്ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.
50 ദിവസത്തിനുള്ളിൽ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയ്ക്കും അവരുടെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് തുർക്കിയിൽ വച്ച് ഇരുരാജ്യങ്ങളും ചർച്ചക്ക് തയാറായത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 500 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം യുഎസ് സെനറ്റർ ഭീഷണി മുഴക്കിയത്.