റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പിനെത്തുടർന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി.
യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് പ്രദേശത്ത് സുനാമി സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്. മൂന്ന് മുതൽ നാല് മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാർഷൽ ദ്വീപുകൾ, ഫിലിപ്പൈൻസ് അടക്കമുള്ള പ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നൽകിയിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവർണർ പറഞ്ഞു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.