യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ജസ്റ്റിസ് വകുപ്പ് പൂഴ്ത്തിവച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിക്കുന്ന നിരവധി രേഖകളും 1980 കളില്‍ ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന് പുതിയ അന്വേഷണങ്ങളില്‍. ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഒളിച്ചുകളി എന്ന് വിശേഷിപ്പിച്ചാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെതിരെ ഡെമോക്രാറ്റുകള്‍ പ്രതിഷേധം കടുപ്പിച്ചത്. അതോടൊപ്പം രേഖകള്‍ പൂഴ്ത്തിവെച്ച ഡിപ്പാര്‍ര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DOJ) എതിരേയും യുഎസ് കോണ്‍ഗ്രസില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. അമേരിക്കയുടെ നീതിന്യായ വകുപ്പ് ഇത്തരത്തിലൊന്ന് പ്രസിഡന്റിന് മറപിടിക്കാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു കുറ്റകൃത്യമാണെന്നും ഡെമോക്രാറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ചില എപ്സ്റ്റീന്‍ ഫയലുകള്‍ നീതിന്യായ വകുപ്പ് പൂഴ്ത്തിയതായി എന്‍പിആര്‍ അന്വേഷണത്തില്‍ (നാഷനല്‍ പബ്ലിക് റേഡിയോ) വ്യക്തമായി. പൊതു ഡാറ്റാബേസില്‍ നിന്ന് ട്രംപിനെ പരാമര്‍ശിച്ചിട്ടുള്ള എപ്സ്റ്റീനെക്കുറിച്ചുള്ള കൂടുതല്‍ രേഖകളും നീക്കം ചെയ്തിട്ടുണ്ട്. നിയമം ആവശ്യപ്പെട്ടിട്ടും പരസ്യമാക്കാത്ത ചില ഫയലുകള്‍ ഇപ്പോഴും ഉണ്ടെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, 2019ല്‍ ഡൊണള്‍ഡ് ട്രംപിനെതിരെ ഒരു യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) രേഖകളില്‍ അന്‍പതിലധികം പേജുകള്‍ കാണാനില്ലെന്നാണ് കണ്ടെത്തല്‍. അതായത് എഫ്ബിഐ അഭിമുഖങ്ങളുടെ ഏകദേശം 50 പേജുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒരു പ്രത്യേക പേജും പൂഴ്ത്തിവെച്ചവയില്‍ പെടുന്നു.
എപ്സ്റ്റീന്റെ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇന്‍ഡക്‌സുകളും സീരിയല്‍ നമ്പറുകളും പരിശോധിച്ചതില്‍ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാര്‍ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊതു ഡേറ്റാബേസില്‍ ഇതിലെ ഒരു സംഗ്രഹം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രധാനമായും എപ്സ്റ്റീനെതിരെയുള്ള ആരോപണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍പ്പെടെ 50ലധികം പേജുകള്‍ നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമല്ലെന്ന് രേഖകളുടെ നമ്പരുകള്‍ പരിശോധിച്ച എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് ടൈംസ്, എംഎസ് നൗ എന്നീ മാധ്യമങ്ങളും സമാനമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുറ്റകൃത്യമായി കാണേണ്ട എപ്സ്റ്റീന്‍ ഫയലുകള്‍ ഡിഒജെ മനഃപൂര്‍വ്വം കൈവശം വച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞു. ഹൗസ് മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പരിഷ്‌കരണ സമിതിയിലുമുള്ള ഡെമോക്രാറ്റുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിഒജെ ഡസന്‍ കണക്കിന് പേജുകളുടെ ലിസ്റ്റ് കാണിക്കുന്നുണ്ടെങ്കിലും അവ പുറത്തുവിട്ടിട്ടില്ലെന്ന് എന്‍പിആര്‍ കണ്ടെത്തിയതോടെ ഇതൊരു കുറ്റകൃത്യമായി തന്നെ കാണാനാണ് ഹൗസിലെ ഡെമോക്രാറ്റ് തീരുമാനം.
തനിക്കു പതിമൂന്നും പതിനഞ്ചും വയസ്സിന് ഇടയില്‍ പ്രായമുള്ളപ്പോള്‍ എപ്സ്റ്റീന്‍ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്. വിഷയം വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ഫയലുകള്‍ നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കുന്നതിനായി താല്‍ക്കാലികമായി മാറ്റിയ രേഖകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീന്‍ ഫയലുകള്‍ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപിന്റെ വാദം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റിന്റെ ആക്രമണ സാധ്യതയുടെ നേരിട്ടുള്ള തെളിവുകള്‍ മറച്ചുവെക്കുന്നത് വൈറ്റ് ഹൗസ് മറവില്‍ സാധ്യമായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹൗസ് ഓവര്‍സൈറ്റിന്റേയും റിഫോം കമ്മിറ്റിയിലേയും സീനിയര്‍ അംഗമായ ഡെമോക്രാറ്റ് ഗാര്‍ഷ്യ പറഞ്ഞു.