ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഈ കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ച നടത്തും. ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണം. ഗാസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഇതിന് യുഎൻ അംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ആവശ്യം. ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴാണ് ഈ നിലപാട്. വെടിനിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.