യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് വിവരങ്ങൾ പുറത്തു വിട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ ലക്ഷ്യമിടുന്നതാണ് ബിൽ. ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും നിരവധി രാഷ്ട്രീയ, സൈനിക പ്രമുഖരും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവവികാസം.
ഇറാൻ പാർലമെന്റിന് പുറമെ, മറ്റ് ചില ഇറാനിയൻ ഗ്രൂപ്പുകളും സമാനമായ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിൽ ട്രംപ്’ എന്ന ക്യാമ്പെയിനിനായി 50 ദശലക്ഷം ഡോളർ (ഏകദേശം 481.51 കോടി രൂപ) സമാഹരിച്ചതായും ഒരു ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.