ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറക്കുന്നതിന് പകരമായി ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വാങ്ങാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യയോട് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ജനുവരി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി സംസാരിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞയാഴ്ച ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറയുന്നത്. തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം രറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ഉള്‍പ്പെടെ, വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് 25% തീരുവ ചുമത്തിയിരുന്നു. വെനസ്വേലന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറുണ്ടാക്കാന്‍ ചൈനയേയും സ്വാഗതം ചെയ്യുന്നതായി ട്രംപ് പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങിയതിനും ഇന്ത്യയ്‌ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിന്റെ യുക്രെയ്‌ന് എതിരായ യുദ്ധത്തിന് ഫണ്ട് ചെയ്യുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ജനുവരിയില്‍ വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ എണ്ണ സമ്പന്നമായ ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.