'ഞാനായിരുന്നു മസ്‌ക് എങ്കില്‍ ഇങ്ങോട്ട് വിളിച്ചേനേ'; ഇലോണ്‍ മസ്‌കിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് അയവില്ലെന്ന് വ്യക്തമാക്കി ട്രംപിന്റെ തമാശ കലര്‍ന്ന മറുപടി. ഇരുവര്‍ക്കും ഇടയിലെ ഈഗോ മൂലമുണ്ടായ വിഷയങ്ങള്‍ വെളിവാക്കുന്നതാണ് യുഎസ് പ്രസിഡന്റിന്റെ മറുപടി. ഇലോണ്‍ മസ്‌കിനെ അങ്ങോട്ട് വിളിച്ചു സംസാരിക്കുന്ന കാര്യം താന്‍ ആലോചിച്ചിട്ടു പോലുമില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പക്ഷേ ഇലോണ്‍ മസ്‌കിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ നേരത്തെ തന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നുവെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ശതകോടീശ്വരനേക്കാള്‍ യുഎസ് പ്രസിഡന്റ് തന്നെയാണ് എല്ലാത്തിനും മുകളിലെന്ന് സ്ഥാപിക്കുകയാണ് ട്രംപിന്റെ മറുപടി.

കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍നിന്ന് പുറത്തുവന്ന ട്രംപിന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ചോദ്യം ഉയര്‍ന്നത്. അടുത്തെങ്ങാനും ഇലോണ്‍ മസ്‌കുമായി സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കുന്ന ഉത്തരം ഇങ്ങനെയായിരുന്നു.

‘ശരിക്കും പറഞ്ഞാല്‍, ഞാന്‍ അക്കാര്യത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. അദ്ദേഹം എന്നോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍, തീര്‍ച്ചയായും സംസാരിക്കാന്‍ ആഗ്രഹിച്ചേനെ. ഒരുപക്ഷേ അദ്ദേഹം ഇതിനോടകം എന്നെ വിളിച്ചിട്ടുണ്ടാവാം. അത് നിങ്ങള്‍ തന്നെ അദ്ദേഹത്തോട് ചോദിച്ച് അറിഞ്ഞുകൊള്ളൂ. എന്തായാലും എനിക്കതില്‍ പ്രശ്നമൊന്നുമില്ല,’.

സംസാരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല പക്ഷേ മസ്‌ക് തന്നെ ഇങ്ങോട്ട് വിളിക്കണമെന്നാണ് ട്രംപ് ഉദ്ദേശിക്കുന്നത്. മൂപ്പിളമ തര്‍ക്കവും ഈഗോയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലെ നിലപാടുമാണ് മഗാ ക്യാമ്പെയ്‌നിലൂടെ ട്രംപിനെ അധികാരത്തിലെത്തിച്ച മസ്‌കും ട്രംപുമായി ഇടയാന്‍ കാരണം. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ മസ്‌ക് നടത്തിയ പരസ്യവിമര്‍ശനത്തോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പുറത്തായത്. സുന്ദരമെന്ന് ട്രംപ് വിശേഷിപ്പിച്ച ബജറ്റ് ബില്‍ നിരാശാജനകമാണ് എന്നായിരുന്നു മസ്‌ക് പറഞ്ഞത്. മഗാ ക്യാമ്പെയ്നുമായി ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ പണം വാരിയെറിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് റിപ്പബ്ലിക്കന്‍ സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞു സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്നുമായി സ്വദേശിവാദത്തില്‍ അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പിന്നിലെ ശക്തിയായി വൈറ്റ് ഹൗസ് വരെ എത്തി നിന്ന മസ്‌ക് ഭരണകേന്ദ്രത്തില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാര്‍ പുതിയതായി പാസാക്കിയ നിയമത്തിനെതിരെ രംഗത്തെത്തിയത്. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്.

പിന്നാലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേധാവി സ്ഥാനത്തുനിന്നും മസ്‌ക് രാജിവെച്ചു. ഇതുകൂടാതെ, അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്സ് ടേപ്പുകളില്‍ ട്രംപിന്റെ പേരുമുണ്ട് എന്നും എക്സിലൂടെ മക്സ് ആരോപിച്ചു. മസ്‌കിന്റെ മാനസിക നിലയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നും അദ്ദേഹവുമായി ഇനി നല്ല ബന്ധം തുടരാനാകില്ലെന്നും ട്രംപും വ്യക്തമാക്കിയിരുന്നു. ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മസ്‌കിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും