യാത്രക്കാരുടെ സ്വപ്‌നമായിരുന്ന ഹിപ്പികളുടെ ഗിറ്റാറിന്റെ സ്വരം മുഴങ്ങിയിരുന്ന നേപ്പാളിന്റെ മലനിരകൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത് തെരുവുകളിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കും രാജ കൊട്ടാരങ്ങളിൽ നിന്നുയരുന്ന തീയുടെ ചൂടിനുമാണ്. ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ ജെൻ സി കുട്ടികൾ തെരുവിലിറങ്ങിയപ്പോൾ ലോകം കാണുന്നത് ഒരു രാജ്യം നിന്ന് കത്തുന്നതാണ്. സോഷ്യൽ മീഡിയയുടെ ബ്ലാക്ക്ഔട്ടിനെതിരെയാണ് യുവത്വം തെരുവിലിറങ്ങിയതെന്നാണ് നേപ്പാളിലെ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ നാം ധരിച്ചിരുന്നത്. എന്നാൽ അഴിമതിയിലും സ്വജനപക്ഷപാതത്തിലും രാഷ്ട്രീയ അസ്ഥിരതയിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടിയ ഒരു കൂട്ടത്തിന്റെ പൊട്ടിത്തെറിയായിരുന്നു അത്. സോഷ്യൽ മീഡിയയുടെ നിരോധനത്താൽ പ്രശ്നങ്ങൾ എല്ലാം മൂടിവെയ്ക്കാമെന്ന് കരുതിയ സർക്കാരിന് തെറ്റുകയായിരിക്കുന്നു. നിരോധനം പിൻവലിച്ചെങ്കിലും തെരുവുകളിൽ നിന്ന് പിൻവലിയാൻ പ്രതിഷേധക്കാർ തയാറായിരുന്നില്ല. അവർക്ക് വേണ്ടത് സുസ്ഥിരമായ ഒരു മാറ്റം ആയിരുന്നു.
സുപ്രീംകോടതി മന്ദിരവും പാർലമെന്റും പ്രധാനമന്ത്രിയുടെ വസതിയും കത്തിച്ച് ഇത്രനാൾ അടിച്ചമർത്തപ്പെട്ട് ജീവിച്ച രോക്ഷം അവർ തുറന്നുവിട്ടു. മന്ത്രിമാരുടെ വീടുകൾ കൊള്ളയടിച്ച് അവരുടെ അനന്തമായ കൊള്ളയ്ക്കുള്ള മറുപടി നൽകി. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ തെരുവുകളിൽ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡൽ ഓടുന്നതിന്റെ ദൃശ്യങ്ങൾ ലോകം കണ്ടു. അവസാനം പ്രധാനമന്ത്രി കെപി ശർമ്മ ഒലിയും, പ്രസിഡന്റ് രാംചന്ദ്ര പൗഡലും രാജി വെച്ചു.
പ്രതിഷേധത്തിൽ ഇതുവരെ 30പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും ജെൻ സി പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, തൊഴിലില്ലായ്മ പരിഹരിക്കാനും കുടിയേറ്റത്തെ നിയന്ത്രിക്കാനും സാമൂഹികനീതി ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പാക്കണമെന്നും അവർ പറയുന്നു.
ഒരു തലമുറയുടെ വിപ്ലവമാണ് നേപ്പാളിൽ ലോകം കാണുന്നത്. ജനാധിപത്യം എന്ന പേരിൽ കമ്യൂണിസ്റ്റുകൾ നടത്തിയ അഴിമതി ഭരണത്തിനുള്ള ഉത്തരമാണത്. നേപ്പാൾ ലോകത്തിന് ഒരു മുന്നറിയിപ്പാണ്. അധികാരം കൈവശം വെക്കുന്നവർ കരുതേണ്ടത്, ജനങ്ങൾ എല്ലാകാലവും മിണ്ടാതിരിക്കില്ല എന്നതാണ്. കൊള്ളയും അഴിമതിയും, കൊലപാതകവും അടിച്ചമർത്തലും ജനങ്ങൾ അധികനാൾ വെച്ചു പുലർത്തില്ല. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അവസാനിക്കുന്നില്ല. കൊലപാതകം നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം, ഇടക്കാല സർക്കാർ വേണം, പൊതുതിരഞ്ഞെടുപ്പ് വേണം ഇതൊക്കെയാണ് അവരുടെ ആവശ്യങ്ങൾ. ഭരണഘടന തിരുത്തിയെഴുതണം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാഷ്ട്രീയക്കാർ കൊള്ളയടിച്ച സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇടക്കാല പ്രധാനമന്ത്രി സ്‌ഥാനത്തേക്കു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയെ പിന്തുണച്ചു കഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ പ്രിയപ്പെട്ട നേതാവാണ് റാപ്പർ കൂടിയായ ബാലേന്ദ്ര ഷാ. 5000ലേറെ യുവാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇടക്കാല പ്രധാനമന്ത്രിക്കായുള്ള നിർദേശങ്ങൾ ഉയർന്നത്. സുശീല കാർകിക്ക് പിന്തുണ പ്രഖ്യാപിച്ച ബാലേന്ദ്ര ഷാ, എത്രയും വേഗം ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ ഒരു രാജ്യവും അസ്ഥിരതയിലേക്ക് പോകുന്നത് ഒരു നല്ല കാര്യം അല്ലായെങ്കിലും ജനങ്ങളുടെ രോഷത്തിനെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല. കഴിഞ്ഞ രണ്ടര വർഷമായി ഒലി സർക്കാരിന്റെ ഭരണത്തിൽ യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷമാണ് കൊടുങ്കാറ്റായി നേപ്പാളിനെ തൂത്തെറിഞ്ഞത്.
ദിവസങ്ങളായി തുടർന്ന കലാപാന്തരീക്ഷത്തിൽ മാറ്റം വരുന്നെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് അടച്ച കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഇന്നലെ തുറന്നിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്റർനെറ്റ് നിരോധനം നിലവിലില്ല. യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിലും തുടർന്നുള്ള പൊലീസ് നടപടിയിലും 30 പേർ കൊല്ലപ്പെട്ടപ്പോൾ ആയിരത്തിലേറെ പേർക്കാണ് പരുക്കേറ്റത്.