യൂറോപ്യന്‍ രാജ്യങ്ങളുമായി സംഘര്‍ഷത്തിന് തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ഹസ്സന്‍ റുഹാനി; പിടിച്ചെടുത്ത എണ്ണക്കപ്പലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സൂചന നല്‍കി ഇറാന്‍

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യക്ക് ആശ്വാസ വാക്കുകളുമായി ഇറാന്‍ രംഗത്ത്. തങ്ങള്‍ പിടിച്ചെടുത്ത രണ്ട് എണ്ണക്കപ്പലുകളും വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളുമായി യാതൊരുവിധ സംഘര്‍ഷത്തിനും തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞു. “ജിബ്രാള്‍ട്ടറിലെ തെറ്റായ നടപടികളില്‍ നിന്ന് ബ്രിട്ടന്‍ മാറി നില്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ഇറാനില്‍ നിന്ന് ഉചിതമായ പ്രതികരണം ലഭിക്കുമെന്ന്” റുഹാനി വ്യക്തമാക്കി.

ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദിയുടെ രണ്ട് ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോയും മറ്റൊരു എണ്ണക്കപ്പലും ഇറാന്‍ പിടിച്ചെടുത്തത്. അതോടെ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു.

കപ്പല്‍ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യു.കെയുടെ പ്രതിരോധ സെക്രട്ടറി പെന്നി മൊര്‍ഡോണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ ആഴ്ച ടെഹ്റാന്‍ സന്ദര്‍ശിക്കുന്നതെന്ന് അബ്ദുള്‍ മഹ്ദി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ കൂടിക്കാഴ്ച ഫലം കണ്ടുവെന്നു വേണം അനുമാനിക്കാന്‍.

ജിബ്രാള്‍ട്ടറില്‍ നിന്ന് ഗ്രേസ്-1 എന്ന ഇറാനിയന്‍ കപ്പല്‍ യു.കെ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സ്റ്റെന ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. യു.കെ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വിട്ടു നല്‍കുന്നതിന് ലണ്ടനിലെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അവരെ ഞെട്ടിച്ചു കൊണ്ട് ഇറാന്‍ സ്റ്റെന ഇംപെറോ പിടിച്ചെടുത്ത് ശക്തമായ മറുപടി നല്‍കിയത്. സിറിയയിലേക്ക് എണ്ണ കയറ്റി അയക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ ഗ്രേസ്-1 വിട്ടു നല്‍കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടന്‍ ഉറപ്പു നല്‍കിയിരുന്നു. ഗ്രേസ്-1ലുള്ള എണ്ണ സിറിയയിലേയ്ക്കല്ല അയക്കുന്നതെന്നും എന്നാല്‍ അത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇറാന്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ഇല്ലാതാക്കാനാണ് അമേരിക്കയും ആഗ്രഹിക്കുന്നതെന്ന് പുതിയ യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബ്രിട്ടീഷ് ചരക്ക് കപ്പല്‍ ബിഡബ്ല്യു എലം ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയത്, സംഘര്‍ഷത്തിന് അയവു വരുത്തുന്നതാണ്. വെള്ളിയാഴ്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ ഇറാന്‍ പിടികൂടിയശേഷം ഇതുവഴി കടന്നു പോകുന്ന ആദ്യ ബ്രിട്ടീഷ് കപ്പലാണിത്.

പ്രശ്നം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൈനിക നടപടിയല്ല, നയതന്ത്ര മാര്‍ഗ്ഗങ്ങളാണ് നോക്കുന്നതെന്നും, എന്നാല്‍ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹണ്ട്, പ്രദേശത്തെ നാവിഗേഷന്‍ സ്വാതന്ത്ര്യം നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, എല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ കഴിയണമെന്നും പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പലോട്ടം ഉറപ്പാക്കാന്‍ യൂറോപ്യന്‍ നേതൃത്വത്തിലുള്ള നാവിക സേനയെ വിന്യസിക്കാന്‍ യു.കെ പദ്ധതിയിടുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു.

അതേസമയം, ഇറാന്‍ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായി കമ്പനി അറിയിച്ചു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു