ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരൻ കൊട്ടാരത്തിൽ നിന്നും പുറത്ത്. ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. ആൻഡ്രൂ രാജകുമാരന് രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.
‘ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു’- ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂന്നാമത്തെ മകനാണ് 65 കാരനായ ആൻഡ്രൂ രാജകുമാരൻ. ശിക്ഷിക്കപ്പെട്ട അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെയും എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെയുടെയും ആരോപണങ്ങളുടെ പേരിൽ ഈ മാസം ആദ്യം ആൻഡ്രൂ ഡ്യൂക്ക് ഓഫ് യോർക്ക് എന്ന പദവി ഉപേക്ഷിച്ചിരുന്നു. ഇതേത്തുടർന്ന്, അദ്ദേഹത്തെ കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ ചാൾസ് മൂന്നാമൻ രാജാവിന്റെ മേൽ സമ്മർദം ഉണ്ടായിരുന്നു.
യുഎസ് സാമ്പത്തിക വിദഗ്ധന്‍ എപ്‌സ്റ്റൈന്‍ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചെന്നും ആന്‍ഡ്രൂ പീഡിപ്പിച്ചെന്നും ആരോപിച്ചതോടെയാണ് ജുഫ്രെ ലോകശ്രദ്ധ നേടിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ജിഫ്രെ ജീവനൊടുക്കി. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിൽ ആൻഡ്രൂ രാജകുമാരൻ തന്നെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുണ്ട്.
17 വയസുള്ളപ്പോഴായിരുന്നു ആൻഡ്രൂവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും 18 വയസിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും എല്ലാത്തരം ദുരുപയോഗങ്ങൾക്ക് ഇരയായവരോടും അതിജീവിച്ചവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പരിപൂർണ്ണമായ സഹതാപവും എപ്പോഴുമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കാൻ കൊട്ടാരം ആഗ്രഹിക്കുന്നുവെന്നാണ് കൊട്ടാരം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
അതേസമയം ആൻഡ്രു മറ്റൊരു സ്വകാര്യ താമസസ്ഥലത്തേക്ക് മാറും. ആൻഡ്രൂവിന്റെ പെൺമക്കളായ രാജകുമാരി യൂജെനിയും രാജകുമാരി ബിയാട്രീസും ഒരു പരമാധികാരിയുടെ മകന്റെ പെൺമക്കളായതിനാൽ അവരുടെ സ്ഥാനപ്പേരുകൾ നിലനിർത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആൻഡ്രൂവിനൊപ്പം, അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസണും രാജകൊട്ടാരത്തിൽ നിന്ന് മാറുമെന്ന് ബിബിസി റിപ്പോർട്ടിലുണ്ട്. 1996 ൽ ഇരുവരും വിവാഹമോചനം നേടിയെങ്കിലും അവർ മുൻ ഭർത്താവിനൊപ്പം രാജകൊട്ടാരത്തിൽ തുടർന്ന് താമസിക്കുകയായിരുന്നു.