ഇറാനെ ആക്രമിച്ച് അമേരിക്ക. മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വളരെ വിജയകരമായ ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉഗ്ര പ്രഹര ശേഷിയുള്ള യുഎസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ട്രംപിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്തു.
യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോർട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.