ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തില്‍ ആകെയുണ്ടായിരുന്ന 181 പേരില്‍ 179 പേരും മരിച്ചതായി ദക്ഷിണ കൊറിയ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. വിമാന ജീവനക്കാരായ ഒരു സ്ത്രീയേയും പുരുഷനേയും മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാനായത്. അഗ്നിശമന ഏജന്‍സിയെ ഉദ്ധരിച്ചാണ് ദക്ഷിണ കൊറിയയുടെ യോന്‍ഹാപ് ന്യൂസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
175 യാത്രക്കാർ അടക്കം 181 പേരുമായി ബാങ്കോക്കില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകർന്നത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിക്കുക ആയിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയര്‍ അധികൃതര്‍ രംഗത്തെത്തി. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.