രാജ്യത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും. ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ സംവാദത്തിനുള്ള യഥാർത്ഥ വേദിയാക്കി മാറ്റുമെന്നും പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്നും മുക്തമാക്കുമെന്നുമാണ് സുദർശൻ റെഡ്ഡി പറഞ്ഞത്. ഇന്ത്യ സഖ്യം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്. എൻഡിഎ എംപിമാരും ഇന്ന് യോഗം ചേർന്നേക്കും.
പാർലമെന്റിൽ ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവിൽ ഉള്ളത്. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.