പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി, ചടങ്ങിൽ പങ്കെടുക്കാതെ മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്. ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് എംപിമാരായ അധിർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തില്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടക്കുന്ന ഹൈദരാബാദിലാണ് ഇരുവരുമുള്ളത്.

ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്രമോദിയെ ഖാർഗെ അറിയിച്ചിരുന്നു. സെപ്റ്റംബർ 17ന് നടക്കുന്ന ചടങ്ങിലേക്ക് സെപ്റ്റംബർ 15 ന് വൈകിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും ഇതിൽ കടുത്ത നിരാശയുണ്ടെന്നും രാജ്യസഭാ സെക്രട്ടറിയെ കത്തിലൂടെയാണ് ഖാർഗെ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. നാളെ മുതൽ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം ആരംഭിക്കുകയാണ്. ആദ്യ ദിനം പഴയ കെട്ടിടത്തിലും ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിലുമാകും പാർലമെന്റ് സമ്മേളിക്കുക. ചൊവ്വാഴ്ച ഗണേശ ചതുർഥി ആയതിനാലാണ് അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുന്നതെന്നും വിമർശനങ്ങളുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം നേതാക്കൾ പിറന്നാൾ ആശംസകൾ നേർന്നു. ‘പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസക’ളെന്ന ഒറ്റവരിയാണ് രാഹുൽ ഗാന്ധി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ പങ്കുവെച്ചത്. ‘മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ. ആരോഗ്യായുസുകൾ നേരുന്നു’വെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ ‘എക്സിൽ’ കുറിച്ചു.

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ കുറിച്ചു. പ്രധാനമന്ത്രിയുടെ 73–ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം